കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന്റെ ഗാരന്റി മണ്ഡലങ്ങളുള്ള ജില്ലയാണ് മലപ്പുറം. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കലും ഇടതുമുന്നണിക്ക് മേൽക്കൈ നേടാൻ കഴിഞ്ഞിട്ടില്ല. മുസ്ലിം ലീഗിന്റെ കരുത്താണ് ഐക്യമുന്നണിയുടെ ബലം. ഇത്തവണ ലീഗ് കോട്ടകൾ ഇളക്കാൻ ഇടതിന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണി ചിഹ്നത്തിൽ ആരെ സ്ഥാനാർഥിയാക്കി നിർത്തിയാലും വിജയിക്കുന്ന മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിൽ ഉള്ളതെന്നാണ് പതിറ്റാണ്ടുകളായുള്ള പ്രചാരണം. എന്നാൽ ഇടക്കാലത്ത് ഇടതുമുന്നണിക്ക് ആ കോട്ടയിൽ ചെറിയ വിള്ളലുകളൊക്കെയുണ്ടാക്കാൻ കഴിഞ്ഞിരുന്നു.
മലപ്പുറം ജില്ലയിൽ ആകെയുള്ളത് 16 മണ്ഡലങ്ങളാണ്. ഇതിൽ മൂന്നെണ്ണത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയിക്കാനായത്. ഇത്തവണയും മൂന്നോ നാലോ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രതീക്ഷ പുലർത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വലിയ മുന്നേറ്റമാണ് ഇടതുപക്ഷത്തിന് മുന്നിൽ ഭീഷണിയായി ഉള്ളത്.
നിലന്പൂരിൽ കടുത്ത മത്സരം
കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റായ നിലന്പൂരിൽ ഇത്തവണ ഇടതുമുന്നണി സ്ഥാനാർഥിയായി പ്രമുഖ ഫുട്ബോൾ താരം യു. ഷറഫലി വന്നതോടെ മത്സരം മുറുകിയിട്ടുണ്ട്. പരന്പരാഗതമായി കോണ്ഗ്രസ് വിജയിക്കുന്ന മണ്ഡലമാണ്. സിറ്റിംഗ് എംഎൽഎ ആര്യാടൻ ഷൗക്കത്തിനെ നേരിടാൻ പൊതുസമ്മതിയുള്ള സ്ഥാനാർഥി എന്ന നിലയിലാണ് യു. ഷറഫലിയെ ഇടതുപക്ഷം മത്സരിപ്പിക്കുന്നത്. യുഡിഎഫിന്റെ കോട്ട തകർക്കാൻ ഷറഫലിക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്. എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസിലെ ഗിരീഷ് മേക്കാട് ആണ് മത്സരിക്കുന്നത്.
വണ്ടൂർ കോണ്ഗ്രസിനൊപ്പം
നിലന്പൂരിനോടു ചേർന്ന് കിടക്കുന്ന വണ്ടൂർ മണ്ഡലവും കോണ്ഗ്രസിനെ പിന്തുണച്ചു വരുന്നതാണ്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് ഈ സംവരണ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വിജയിക്കാനായത്. ഇത്തവണ കോണ്ഗ്രസ് നേതാവ് എ.പി. അനിൽകുമാർ തുടർച്ചയായ ആറാം തവണയാണ് ജനവിധി തേടുന്നത്. സിപിഎമ്മിലെ ഡോ.കെ.കെ. ദാമോദരനാണ് ഇടതു സ്ഥാനാർഥി. ഇ.പി. കുമാരദാസ് ആണ് എൻഡിഎ സ്ഥാനാർഥി. ഇത്തവണയും രാഷ്ട്രീയ അടിയൊഴുക്കുകൾ ഏറെയില്ലാതെയാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്.
മഞ്ചേരിയുടെ ചരിത്രത്തിൽ ലീഗ് മാത്രം
മഞ്ചേരി മണ്ഡലം മുസ്ലിം ലീഗിനെ അല്ലാതെ വേറെ ആരെയും പിന്തുണച്ചിട്ടില്ല. 1957ൽ പി.പി. ഉമ്മർ കോയയിലൂടെ ലീഗ് തുടങ്ങിയതാണ് വിജയയാത്ര. ഇത്തവണ അഡ്വ. എം. റഹ്മത്തുള്ളയാണ് ലീഗ് സ്ഥാനാർഥി. ഇടതുസ്ഥാനാർഥിയായ വി.എം. മുസ്തഫയും ബിജെപിക്കു വേണ്ടി എം. പത്മശ്രീയും രംഗത്തുണ്ട്.
മാറി ചിന്തിക്കാത്ത ഏറനാട്
2011 ൽ ഏറനാട് മണ്ഡലം നിലവിൽ വന്നശേഷം മുസ്ലിം ലീഗിലെ പി.കെ. ബഷീർ തുടർച്ചയായി വിജയിക്കുന്നു. പഴയ ലീഗ് നേതാവ് സീതി ഹാജിയുടെ മകനായ ബഷീർ തന്നെയാണ് ഇത്തവണയും ലീഗ് സ്ഥാനാർഥി. സിപിഐയിലെ ഷഫീർ കിഴിശേരിയാണ് മുഖ്യഎതിരാളി. ബിജെപിയുടെ അഡ്വ. എൻ. ശ്രീപ്രകാശും മൽസരരംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 22,546 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് പി.കെ. ബഷീർ വിജയിച്ചത്. ഇത്തവണയും ഇടതുപക്ഷം പ്രതീക്ഷ പുലർത്താത്ത മണ്ഡലമാണിത്.
അടിയൊഴുക്കുകളുമായി കൊണ്ടോട്ടി
മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഓർമകളുറങ്ങുന്ന കൊണ്ടോട്ടി യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. എന്നാൽ ഇത്തവണ ചില അടിയൊഴുക്കുകളുണ്ട്. യുവ നേതാക്കളായ മുസ്ലിം ലീഗിലെ ടി.പി. അഷ്റഫലിയും ഇടതുസ്ഥാനാർഥി ഡോ.പി. ജിജിയും തമ്മിലാണ് മൽസരം. 1957ൽ നിലവിൽ വന്ന ഈ മണ്ഡലത്തിൽ മുസ്ലിം ലീഗ് അല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല.
സുബ്രഹ്മണ്യനാണ് ബിജെപി സ്ഥാനാർഥി. ഇത്തവണ ലീഗിൽ സ്ഥാനാർഥിനിർണയത്തെ തുടർന്ന് അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് യുഡിഎഫ് വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.
മാറാതെ മലപ്പുറം
ജില്ലാ ആസ്ഥാനത്തെ മണ്ഡലത്തിന് മറിച്ചൊരു ചരിത്രമില്ല, 1957ൽ നിലവിൽ വന്നതിനു ശേഷം ലീഗ് മാത്രം. സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയ പ്രമുഖ ലീഗ് നേതാക്കളെ വിജയിപ്പിച്ച മണ്ഡലം. ഇത്തവണ ലീഗിന്റെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുന്നത്. നേരത്തേ രണ്ട് തവണ അദ്ദേഹം മലപ്പുറത്തിന്റെ എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഉയർന്ന ഭൂരിപക്ഷത്തിനാണ് ലീഗ് വിജയിച്ചത്. പി. ഉബൈദുള്ളയുടെ വിജയം 35,208 വോട്ടുകൾക്കായിരുന്നു. ഇത്തവണ കുഞ്ഞാലിക്കുട്ടിയെ നേരിടുന്നത് എൻസിപിയിലെ കെ.ടി. മുജീബ് ആണ്. അശ്വതി ഗുപ്തയാണ് ബിജെപി സ്ഥാനാർഥി.
പെരിന്തൽമണ്ണയിൽ ഇടത് പ്രതീക്ഷ
സിപിഎമ്മിന് രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് ഇഎംഎസിന്റെ ജന്മനാട് കൂടി ഉൾപ്പെടുന്ന പെരിന്തൽമണ്ണ. ആദ്യകാലങ്ങളിൽ കമ്യൂണിസ്റ്റ് ആധിപത്യമായിരുന്നു. പിന്നീട് മുസ്ലിം ലീഗിന്റെ കൈകളിലെത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിൽ ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് ജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം കോടതിയിലെത്തിയെങ്കിലും വിധി ലീഗിന് അനുകൂലമായിരുന്നു. ഇത്തവണ നജീബ് വീണ്ടും മത്സരിക്കുന്പോൾ സിപിഎം പ്രാദേശിക നേതാവ് വി.പി. മുഹമ്മദ് ഹനീഫയാണ് എതിരാളി. ബിജെപിക്കുവേണ്ടി അഡ്വ. കെ.പി. ബാബുരാജ് രംഗത്തുണ്ട്.
മാറുമോ മങ്കട?
മങ്കടയുടെ ജനവിധി ഇത്തവണ മറിച്ചാകുമോ എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്. എന്നാൽ ഇത്തവണ മുസ്ലിം ലീഗ് വിട്ട മുൻ നേതാവിനെ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയാക്കിയതോടെ ഇത്തവണ വോട്ടുകൾ മറിയുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. മണ്ഡലത്തിൽ മൂന്നു തവണ എംഎൽഎ ആയ മഞ്ഞളാംകുഴി അലിയെ വീണ്ടും കളത്തിൽ ഇറക്കിയതോടെ വോട്ട് ചോർച്ചയ്ക്ക് തടയിടാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മങ്കടയിൽ മഞ്ഞളാംകുഴി അലി വിജയിച്ചത് 6246 വോട്ടുകൾക്കാണ്.
ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്നത് മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്റായ കുന്നത്ത് മുഹമ്മദാണ്. ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിവിട്ട മുഹമ്മദിന് ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് ലിജോയ് പോൾ ആണ്.
ആവേശപ്പോരില്ലാതെ കോട്ടക്കൽ
ഇടതുപക്ഷം ഒട്ടും വിജയപ്രതീക്ഷ പുലർത്താത്ത കോട്ടക്കൽ മണ്ഡലത്തിൽ പോരാട്ടത്തിന് ആവേശമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16,588 വോട്ടുകൾക്ക് വിജയിച്ച ലീഗിലെ ആബിദ് ഹുസൈൻ തങ്ങൾ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. ഇടതുമുന്നണിക്ക് വേണ്ടി പ്രീതി കോച്ചത്താണ് മത്സരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാർഥി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയും മത്സരരംഗത്തുണ്ട്.
വേങ്ങരയിൽ ലീഗിന് ആവേശപോരാട്ടം
കെ.എം. ഷാജി മത്സരിക്കുന്ന വേങ്ങര മണ്ഡലത്തിൽ ആവേശം വാനോളമാണ്. മുസ്ലിം ലീഗിന് വെല്ലുവിളികൾ ഏറെയില്ലാത്ത മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വേണ്ടി ഇത്തവണ മത്സരിക്കുന്നത് സ്വതന്ത്രനായ സബാഹ് കുണ്ടുപുഴക്കൽ ആണ്. കഴിഞ്ഞ തവണ സബാഹ് സ്വതന്ത്ര സ്ഥാനാർഥിയായിനിന്നപ്പോൾ കിട്ടിയത് 11,255 വോട്ടുകളായിരുന്നു. അന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചത് 30,596 വോട്ടുകൾക്കും. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയിൽ അദ്ദേഹത്തിന് ലഭിച്ച പിന്തുണ കെ.എം. ഷാജിക്ക് ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
തവനൂരിൽ വിധി ആവർത്തിക്കുമോ
ഇടതുമുന്നണിയുടെ അപരാജിത കോട്ടയാണ് തവനൂർ. 2011ൽ മണ്ഡലം നിലവിൽ വന്നതിന് ശേഷം ഇടതുസ്വതന്ത്രൻ മുൻ മുസ്ലിം ലീഗ് നേതാവ് കെ.ടി. ജലീൽ മാത്രം വിജയിച്ചു വരുന്ന മണ്ഡലം. തുടർച്ചയായ നാലാം തവണയും ജലീൽ രംഗത്തുണ്ട്. എതിരാളി ജില്ലാ കോണ്ഗ്രസ് പ്രസിഡന്റ് വി.എസ്. ജോയിയും. കഴിഞ്ഞ തവണ ജലീലിന്റെ വിജയം 2185 വോട്ടുകൾക്കായിരുന്നു. അന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറന്പിലിനെ ഇറക്കി യുഡിഎഫ് നല്ല പോരാട്ടം കാഴ്ചവച്ചങ്കിലും കെ.ടി. ജലീലിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണയും കടുത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
പൊന്നാനി ഇടതിന്റെ പ്രതീക്ഷാ കേന്ദ്രം
മലപ്പുറം ജില്ലയിൽ ഇടതുപക്ഷം വിജയപ്രതീക്ഷ പുലർത്തുന്ന അപൂർവം മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. മൂന്നര പതിറ്റാണ്ടായി ചുവന്നു നിൽക്കുന്ന മണ്ഡലം. ഇത്തവണയും സിപിഎം വിജയത്തിൽ കുറഞ്ഞതൊന്നും പൊന്നാനിയിൽ പ്രതീക്ഷിക്കുന്നില്ല.
ഇത്തവണ പിഎസ്സി മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ ആണ് സിപിഎം സ്ഥാനാർഥി. പ്രധാന എതിരാളി കോണ്ഗ്രസിലെ കെ.പി. നൗഷാദ് അലിയും. ബിഡിജഐസ് സ്ഥാനാർഥിയായി ഇ. മനീഷും മത്സര രംഗത്തുണ്ട്.
തിരൂരിൽ ഫലം പ്രവചനാതീതം
തിരൂരിൽ ജയം ആർക്കൊപ്പെമെന്ന് ഇത്തവണ പ്രവചിക്കാൻ കഴിയില്ല. മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം യുഡിഎഫിന് അനൂകൂലമാണെങ്കിലും ഇത്തവണ അടിയൊഴുക്കുകൾ ഏറെയുണ്ട്. രണ്ടു തവണ താനൂരിൽനിന്ന് വിജയിച്ച മന്ത്രി വി. അബ്ദുറഹ്മാൻ ഇത്തവണ തിരൂരിൽ മത്സരിക്കാനെത്തിയതോടെ ചിത്രം മാറിയിരിക്കുകയാണ്. സിറ്റിംഗ് എംഎൽഎ മുസ്ലിം ലീഗിലെ കുറുക്കോളി മൊയ്തീന് അപ്രതീക്ഷിതമായ വെല്ലുവിളിയാണ് വി. അബ്ദുറഹ്മാൻ ഉയർത്തുന്നത്. ബിജെപി സ്ഥാനാർഥിയായി കെ. നാരായണൻ മാസ്റ്ററും രംഗത്തുണ്ട്.
താനൂർ തിരിച്ചുപിടിക്കാൻ ലീഗ്
നഷ്ടപ്പെട്ട താനൂർ തിരിച്ചുപിടിക്കാനുള്ള സുവർണാവസരമായാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. പതിറ്റാണ്ടുകളോളം പരാജയമെന്തെന്നറിയാതെ മുന്നേറിയ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗിന് അടിതെറ്റി. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് താനൂർ. ഇടതുപക്ഷത്തിന് വേണ്ടി ടി. മുഹമ്മദ് സമീർ ആണ് കന്നി മൽസരത്തിനിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത് യുവനേതാവ് പി.കെ. നവാസിനെയും. ഇതോടെ ജയം ആർക്കെന്ന ചോദ്യം ഉത്തരമില്ലാത്തതായി. സീറ്റ് തിരിച്ചുപിടിക്കാനുള്ള മെച്ചപ്പെട്ട അവസരമായാണ് മുസ്ലിം ലീഗ് കാണുന്നത്.
തിരൂരങ്ങാടിയിൽ തീപാറും
സ്ഥാനാർഥി നിർണയത്തെ ചൊല്ലി മുസ്ലിം ലീഗിൽ അഭിപ്രായ ഭിന്നതകൾ ഉയർന്ന തിരൂരങ്ങാടി മണ്ഡലത്തിൽ ഇടതുമുന്നണി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. മുസ്ലിം ലീഗ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്.
ഇത്തവണ ലീഗ് സ്ഥാനാർഥിയായി പി.എം.എ. സമീറിനെ പ്രഖ്യാപിച്ചപ്പോൾ പാർട്ടിയിൽ പരസ്യമായ എതിർപ്പുകൾ ഉണ്ടായിരുന്നു. ലീഗിലെ ഒരു വിഭാഗം സമീറിന്റെ സ്ഥാനാർഥിത്വത്തെ എതിർക്കുന്നുണ്ട്. ഇത് തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. സിപിഐയിലെ അജിത് കൊളാടിയാണ് ഇടതുസ്ഥാനാർഥി. ബിജെപി സ്ഥാനാർഥി റിജുവാണ്.
വള്ളിക്കുന്നിൽ ആര് കയറും
വള്ളിക്കുന്ന് കയറാൻ ഇടതിന് അത്ര എളുപ്പമല്ല. 2011ൽ നിലവിൽ വന്ന മണ്ഡലത്തിൽ ഇതുവരെ ജയിച്ചത് മുസ്ലിം ലീഗ് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗിലെ പി. അബ്ദുൾ ഹമീദ് ജയിച്ചത് 14,116 വോട്ടുകൾക്കാണ്. നിലവിൽ കൊണ്ടോട്ടി എംഎൽഎ ആയ മുസ്ലിം ലീഗിന്റെ ടി.വി. ഇബ്രാഹിം ഇത്തവണ വള്ളിക്കുന്നിൽ എത്തുന്നതും ലീഗിന്റെ വിജയം ആവർത്തിക്കാനാണ്. ഇടതുമുന്നണിക്കായി സി.പി. മുസ്തഫയാണ് രംഗത്തുള്ളത്. ഇത്തവണ പ്രേമൻ മാസ്റ്ററാണ് ബിജെപി സ്ഥാനാർഥി.
Tags : Will the League strongholds Malappuram