കൊട്ടാരക്കര: മകൻ അമ്മയെ വെട്ടിപരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ മാതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈടിസി തയ്യിൽ പുത്തൻവീട്ടിൽ രാധാമണിയെ(68)യാണ് മകൻ മഹേഷ് കഴുത്തിൽ വെട്ടിപരിക്കേൽപിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊട്ടാരക്കര ഈടിസിയിലാണ് സംഭവം. മഹേഷ് സഹോദരിയെ മറ്റൊരു മുറിയിൽ കയറ്റി വാതിൽ പുറത്തുനിന്നും പൂട്ടിയ ശേഷമാണ് മാതാവിനെ ആക്രമിച്ചത്.
അടുക്കളയിൽ നിന്നിരുന്ന രാധാമണിയെ പിറകിൽ നിന്നെത്തി വാക്കത്തി ഉപയോഗിച്ച് കഴുത്തിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് രാധാമണി മൂത്ത മകനായ സുമേഷിനെ മൊബൈലിൽ വിളിച്ചു.
കൊട്ടാരക്കരയിൽനിന്നും പോലീസ് എത്തി മഹേഷിനെ കസ്റ്റഡിയിൽ എടുത്തു. മഹേഷിന് മനോദൗർബല്യം ഉള്ളതായി പോലീസ് പറഞ്ഞു.