ഹ​ജ്ജ് ക്യാ​ന്പ്: ഒരുക്കങ്ങൾ പൂർണമെന്ന് മ​ന്ത്രി ജലീൽ
Thursday, June 20, 2019 12:40 AM IST
മ​ല​പ്പു​റം: ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക്യാ​ന്പി​നു എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യ​താ​യി ഹ​ജ്ജ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. നി​യ​മ​സ​ഭ​യി​ൽ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള​ത്തി​ലെ ഹാ​ജി​മാ​രു​ടെ യാ​ത്ര ഇ​ന്ത്യ​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ആ​ദ്യ ബാ​ച്ചി​ൽ ത​ന്നെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്.
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹാ​ജി​മാ​ർ​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കു​ന്ന​തി​നു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​നാ​യി ഹ​ജ്ജ് ക്യാ​ന്പി​ലെ സേ​വ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ഇ​രു​നൂ​റോ​ളം വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ക്യാ​ന്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​ന​പ്പി​നാ​യി ഇ​രു​നൂ​റോ​ളം പേ​ര​ട​ങ്ങി​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ സേ​വ​നം ചെ​യ്യു​ന്ന​തി​നു ആ​റു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 62 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ​മാ​രാ​യി ഹാ​ജി​മാ​രു​ടെ കൂ​ടെ അ​യ​ക്കും.
യാ​ത്രാ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി അ​റു​പ​തോ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഹ​ജ്ജ് സെ​ൽ രൂ​പീ​ക​രു​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.