ഗതാഗത പരിഷ്കരണം: പ്രതിഷേ​ധ​വു​മാ​യി ഒരുവിഭാഗം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ
Saturday, May 25, 2019 11:20 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ലാ​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഒരുവിഭാഗം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ. ഇ​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളി​ൽ ചി​ല​രും രം​ഗ​ത്തെത്തി. ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് നി​ല​വി​ലെ ടൂ​റി​സ്റ്റ് ടാ​ക്സി സ്റ്റാ​ൻ​ഡി​ലേ​ക്കു മാ​റ്റു​ന്ന​തി​നെ​തി​രെ​യാ​ണ് പ്രതി ഷേധം. നേ​ര​ത്തേ വി​വി​ധ ക​ക്ഷി പ്ര​തി​നി​ധി​ക​ളും ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു സ്റ്റാ​ൻ​ഡ് മാ​റ്റ​ത്തി​നു ധാ​ര​ണ.
സി​ഐ​ടി​യു ഒ​ഴി​കെ യൂ​ണി​യ​നു​ക​ളി​ലെ നേ​താ​ക്ക​ളും ഡ്രൈ​വ​ർ​മാ​രും എ​തി​ർ​ത്ത് രാ​വി​ലെ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ചു. എ​സ്ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നു ഡ്രൈ​വ​ർ​മാ​ർ പ്ര​ക​ട​ന​മാ​യി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലെ​ത്തി കു​ത്തി​യി​രു​ന്നു. തുടർന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ആ​ർ. പ്ര​വീ​ജ് തൊ​ഴി​ലാ​ളി നേ​താ​ക്ക​ളെ ച​ർ​ച്ച​യ്ക്കു ക്ഷ​ണി​ച്ചു. ച​ർ​ച്ച​യ്ക്കി​ടെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി വാ​ഗ്വാ​ദം ഉ​ണ്ടാ​യി. ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഡ്രൈ​വ​ർ​മാ​ർ പ്ര​ക​ട​ന​മാ​യി ബ​സ്സ്റ്റാ​ൻ​ഡു പ​രി​സ​ര​ത്ത് എ​ത്തി സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഇ​വി​ടെ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബ​സ്സ്റ്റോ​പ്പ് ബോ​ർ​ഡ് ന​ശി​പ്പി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ സി​ഐ പി.​കെ. മ​ണി വൈ​കു​ന്നേ​രം ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് അ​റി​യി​ച്ച് രം​ഗം ശാ​ന്ത​മാ​ക്കി.
വൈ​കു​ന്നേ​രം സ​ബ് ക​ള​ക്ട്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​ന്നു മു​ത​ൽ സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ നിന്നു ഓ​ട്ടോ​​ക​ൾ മാ​റ്റി ഒ​രു ബ​സ് നി​ർ​ത്തി ആ​ളെ ഇ​റ​ക്കു​ന്ന​തി​നു സ്ഥ​ല​സൗ​ക​ര്യം ഒ​രു​ക്കാ​നും ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ര​ണ്ട് ബ​സു​ക​ൾ​ക്ക് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും ധാ​ര​ണ​യാ​യി.