ഇടുക്കി: ജൂലൈ 20 വരെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിതീവ്രമഴ പ്രവചിച്ചിട്ടുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണം.
മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറാവുകയും വേണം.
കിറ്റിൽ സൂക്ഷിക്കേണ്ട
വസ്തുക്കൾ
ടോർച്ച്, റേഡിയോ, 500 മില്ലി വെള്ളം, ഒആർഎസ് പായ്ക്കറ്റ്, അത്യാവശ്യം മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കശുവണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കോൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്, അത്യാവശ്യം പണം, എടിഎം, പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കണം.
പൊതു നിർദേശങ്ങൾ
ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ലെന്ന് മുതിർന്നവർ ഉറപ്പുവരുത്തുക. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. തൊട്ടടുത്തുള്ള ക്യാന്പുകളിലേക്ക് ആവശ്യമെങ്കിൽ് മാറി താമസിക്കുക, അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക, ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കാൻ മെയിൻ് സ്വിച്ച് ഓഫ് ചെയ്യുക. ജില്ല എമർജൻസി നന്പർ 1077ആണ്. പഞ്ചായത്ത് അധികാരികളുടെ ഫോണ് നന്പർ കൈയിൽ സൂക്ഷിക്കുക. വീട്ടിൽ രോഗമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകുക.
മഞ്ഞ, ഓറഞ്ച്, റെഡ് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രസിദ്ധീകരിച്ച കാലവർഷതുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വെബ്സൈറ്റിലെ tthp://sdma.kerala.gov.in/wpconten/tuploads/2019/05/monsoonprepaedness.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.