വീ​ടു​ക​ളു​ടെ സി​റ്റൗ​ട്ടി​ലും മു​റ്റ​ത്തും ര​ക്തം കണ്ടത് അ​ന്വേ​ഷിക്കുന്നു
Friday, July 12, 2019 1:19 AM IST
ആ​ലു​വ: വീ​ടു​ക​ളു​ടെ സി​റ്റൗ​ട്ടി​ലും മു​റ്റ​ത്തും വ്യാ​പ​ക​മാ​യി ര​ക്തം ക​ണ്ടെ​ത്തി​യ​തു പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാക്കി. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തിലെ മൂ​ന്നാം വാ​ർ​ഡായ കീ​രം​കു​ന്നി​ൽ വ്യാ​ഴാ​ച പു​ല​ർ​ച്ച​യാ​ണ് എ​ട്ടു വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്തു ര​ക്തം ക​ട്ട​പി​ടി​ച്ചനിലയിൽ കണ്ടത്. പ​ഴ​ങ്ങാ​ടി റോ​ഡി​ലും ര​ക്തപ്പാടുകൾ കാണപ്പെട്ടു. വ​ലി​യ മൃ​ഗ​ത്തി​ന്‍റേ​തെ​ന്ന രീ​തി​യി​ൽ കാ​ൽ​പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
താ​ഴ​ത്ത​ങ്ങാ​ടി കു​ഞ്ഞി​ക്കൊ​ച്ച്, പ​ള്ളി​ക്കു​ഴി റ​സി​യ അ​ബ്‌​ദു​ൽ ഖാ​ദ​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ് പൂ​ഴി​ത്ത​റ, അ​ഷ​റ​ഫ് ന​ടു​ക്കു​ടി, നാ​സ​ർ പൂ​ഴി​ത്ത​റ, അ​ബ്‌​ദു​ള്ള ചേ​രി​ൽ, കാ​സിം പു​ല്ലാ​ട്ടു​ഞാ​ലി​ൽ എന്നിവരുടെ വീടുകളിലും സി​ദ്ദീ​ഖി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടിലുമാണു ര​ക്തം കണ്ടത്. എ​സ്ഐ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്‌​ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ര​ക്ത​ത്തി​ന്‍റെ സാ​മ്പി​ൾ കെ​മി​ക്ക​ൽ റീ​ജ​ണ​ൽ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​നയ്​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മു​റി​വേ​റ്റ നാ​യ​യു​ടെ ചോ​ര​യാ​കാ​മെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. അതിനിടെ സ​മീ​പ​ത്തെ ച​വ​റു​കൂ​ന​യി​ൽനി​ന്ന് ഒ​രു മൊ​ബൈ​ൽ ഫോ​ൺ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഫോ​ണി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​ ഒ​രു ന​മ്പ​റി​ൽനി​ന്ന് 28 ഓ​ളം മി​സ്ഡ് കോ​ളു​ക​ൾ വ​ന്നിരുന്നു.
കോ​ൾ വ​ന്ന ന​മ്പ​റി​ന്‍റെ പേ​ര് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യു​ടേ​താ​ണെ​ന്ന സം​ശ​യി​ച്ച​തി​നാ​ൽ മ​റ്റൊ​രു ബം​ഗാ​ൾ സ്വ​ദേ​ശി​യെ​കൊ​ണ്ട് ആ ​ന​മ്പ​റി​ലേ​ക്ക് തി​രി​ച്ചു വി​ളി​പ്പി​ച്ചു. ഫോ​ൺ എ​ടു​ത്ത സ്ത്രീ, ​നാ​ട്ടു​കാ​ർ​ക്ക് കി​ട്ടി​യ ഫോ​ണി​ലെ സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ടെ ഭാ​ര്യ​യാ​ണെ​ന്നും അ​ദ്ദേ​ഹം ബം​ഗാ​ളി​ൽ ത​ന്നെ ഉ​ണ്ടെ​ന്നു​മാ​ണു പ​റ​ഞ്ഞ​ത്. സൈ​ബ​ർ സെ​ല്ലി​ന് ഫോ​ൺ കൈ​മാ​റി​യി​ട്ടു​ണ്ട്.