ബാ​ല​റ്റ് ബോ​ക്സി​ൽ സ്റ്റി​ക്ക​ർ: റീ ​പോ​ളിം​ഗ് ആ​വ​ശ്യപ്പെട്ടു പരാതി
Wednesday, April 24, 2019 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ എ.​യു​പി സ്കൂ​ളി​ൽ റീ ​പോ​ളിം​ഗ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ളിം​ഗ് ഏ​ജ​ന്‍റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.കൃ​ഷ്ണ​കു​മാ​റി​ന്‍റെ പോ​ളിം​ഗ് ഏ​ജ​ന്‍റാ​യ നി​ഖി​ലാ​ണ് ബൂ​ത്ത് ന​ന്പ​ർ -79 ൽ ​നി​ന്ന് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഉ​ച്ച​യ്ക്ക് 1.30നും ​ര​ണ്ടി​നും ഇ​ട​യി​ലാ​യി ബാ​ല​റ്റ് ബോ​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഫോ​ട്ടോ​യു​ടെ​യും ചി​ഹ്ന​ത്തി​ന്‍റെ​യും മു​ക​ളി​ലാ​യി ക​റു​ത്ത സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച​താ​യി കാ​ണ​പ്പെ​ടു​ക​യും ഒ​രു വോ​ട്ട​ർ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പോ​ളിം​ഗ് ഏ​ജ​ന്‍റും മ​റ്റും ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രെ അ​റി​യി​ക്കു​ക​യും അ​വ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. സ്റ്റി​ക്ക​ർ നീ​ക്കം ചെ​യ്താ​ണ് പോ​ളിം​ഗ് വീ​ണ്ടും ആ​രം​ഭി​ച്ച​ത്. ഇ​ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട് ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഈ ​ബൂ​ത്തി​ൽ റീ ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.