കാണിക്കമാതയിലെ ഓണാഘോഷം മേഴ്സി ഹോമിലെ അന്തേവാസികൾക്കൊപ്പം
Friday, August 26, 2016 10:39 AM IST
പാലക്കാട്: കാണിക്കമാത സ്കൂളിലെ ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പ്രിൻസിപ്പൽ സിസ്റ്റർ സിജിയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഉദ്ഘാടനംചെയ്ത ഓണാഘോഷം ആട്ടവും പാട്ടുമായും കാരുണ്യത്തിന്റെ കൈയൊപ്പു ചാർത്തിയുമാണ് ശ്രദ്ധേയമായത്. വിദ്യാലയമുറ്റത്ത് 64 വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. തുടർന്ന് നസ്രത്ത് ഫോറം അമ്മമാരുടെ തിരുവാതിരകളിയും നടന്നു. പുലിക്കളിയുടെ അരവവും പൂക്കളത്തിന്റെ നിറപ്പകിട്ടും മാവേലി മന്നന്റെ വരവും പരിപാടികൾക്ക് പൊലിമയേകി. പിടിഎ ഭാരവാഹികൾ നൽകിയ പായസം ആഘോഷത്തെ മധുരതരമാക്കി. മേഴ്സി ഹോമിലെ അന്തേവാസികൾക്ക് വിദ്യാർഥിനികൾ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. പാട്ടുപാടിയും തിരുവാതിരകളിച്ചും കുട്ടികൾ അവരോടൊപ്പം സമയംചെലവിട്ടു. പിടിഎ ഭാരവാഹികളും മാതൃസംഘടനയായ നസ്രത്ത് ഫോറം അംഗങ്ങളും ഓണാഘോഷ പരിപാടിയിൽ സജീവ സാനിധ്യമായി.
Loading...