ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
Friday, August 26, 2016 4:25 PM IST
ഗുരുവായൂർ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഗുരുവായൂർ പടഞ്ഞാറെനടയിൽ ഗുരുവായൂർ അപ്പാർട്ട്മെന്റിൽ ബി6 ശ്രീവൈകുണ്ഠത്തിൽ താമസിച്ചിരുന്ന തിരുവനന്തപുരം പൂജപ്പുര തമലം വിഷ്ണുമംഗലം വീട്ടിൽ സദാശിവൻ നായർ (84) ആണ് മരിച്ചത്.

തിരുവനന്തപുരം വെങ്ങാനൂർ ബോയ്സ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ അർധരാത്രി 12 മണിയോടെയാണ് മരിച്ചത്. അപകടത്തിൽ സദാശിവൻ നായർക്കും ഭാര്യ സത്യഭാമ അമ്മക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാവിലെ 8.30ഓടെ ഗുരുവായൂരിലെ ഫ്ളാറ്റിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരെ ഫയർഫോഴ്സിന്റെ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർമാനും അപകടത്തിൽ നിസാര പരുക്കേറ്റിരുന്നു. ചികിത്സയിലുള്ള സത്യഭാമ അമ്മയുടെ നിലയും ഗുരുതരമാണ്.

സദാശിവൻ നായരുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടത്തി. മകൾ സുനിത (അധ്യാപിക. എ.എം.എച്ച്.എസ്. തിരുമല), മരുമകൻ പരേതനായ കൃഷ്ണ ചന്ദ്രൻ.