ചൈനീസ് മുട്ട കഴിച്ച് അസ്വസ്‌ഥത
Friday, September 30, 2016 11:53 AM IST
എരുമേലി: മേഖലയിലെങ്ങും വ്യാപകമായി ചൈനീസ് മുട്ടകൾ വിറ്റഴിക്കുന്നുവെന്ന് പരാതി. കഴിഞ്ഞ ദിവസം ഇരുമ്പൂന്നിക്കരയിൽ നിന്നു മുട്ട വാങ്ങിക്കഴിച്ച മൂക്കുട്ടുതറ സ്വദേശി കടുത്ത ശാരീരിക അസ്വസ്‌ഥത മൂലം ചികിത്സ തേടി. വ്യാജ നിർമിത മുട്ടയാണ് ചൈനീസ് മുട്ടകൾ. മറ്റ് നാടൻ, തമിഴ്നാട് ഇറക്കുമതി മുട്ടകളുമായി സാമ്യമുള്ള ചൈനീസ് മുട്ട തിരിച്ചറിയാൻ പ്രയാസമാണ്. മഞ്ഞക്കരുവിന് റബർ ചണ്ടിയുടെ സ്വഭാവമാണ്.

എല്ലു ദ്രവിക്കുന്ന രോഗങ്ങളും കരൾ രോഗങ്ങളും വൃക്ക സംബന്ധമായ അസുഖങ്ങളും മറവി രോഗങ്ങളും ചൈനീസ് മുട്ടയുടെ ഉപയോഗം മൂലം സംഭവിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അധികൃതർ നടത്തിയ പരിശോധനയിൽ അന്യസംസ്‌ഥാനത്തുനിന്ന് ചരക്കുലോറികളിൽ ഇറക്കുമതി ചെയ്ത ചൈനീസ് മുട്ട പല സ്‌ഥലങ്ങളിലും വിൽപ്പനയ്ക്ക് എത്തിച്ചതായി കണ്ടെത്തി. കൂടുതൽ തിളക്കവും ഉൾവശം കുലുങ്ങുന്നതുമാണ് മുട്ട തിരിച്ചറിയാൻ സഹായിക്കുന്നതെന്ന് പറയുന്നു. ഇത്തരം മുട്ടകൾ വിറ്റഴിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.