പെ​ട്രോ​ള്‍ പ​മ്പ് ക​വ​ര്‍​ച്ചാ​ശ്ര​മം; ഇ​രു​ട്ടി​ല്‍ ത​പ്പി പോ​ലീ​സ്
Monday, December 10, 2018 12:53 AM IST
കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പ് ക​വ​ര്‍​ച്ചാ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വ് ല​ഭി​ക്കാ​തെ പോ​ലീ​സ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ല്‍​കോ​ളു​ക​ളും അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യി​ല്ല. ഇ​തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത് കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​യി.
അ​തേ​സ​മ​യം, പ്ര​തി കു​ന്നമം​ഗ​ല​ത്തോ പ​രി​സ​രത്തോ താ​മ​സി​ക്കു​ന്ന ആ​ളാ​ണെ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഒ​രാ​ളാ​ണ് ക​വ​ര്‍​ച്ചാ​ശ്ര​മ​ത്തി​നു പി​ന്നി​ലു​ള്ള​ത്. മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ അ​പ​രി​ചി​ത​മാ​യ സ്ഥ​ല​ത്തെ​ത്തി ഈ ​രീ​തി​യി​ൽ ക​വ​ര്‍​ച്ച ന​ടത്തുന്നത് എളുപ്പമല്ലെന്നാണ് പോലീസിന്‍റെ നിഗമനം.
അ​തേ​സ​മ​യം സ്ഥ​ല​വും മ​റ്റും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​വ​ര്‍​ക്ക് ക​വ​ര്‍​ച്ച ന​ട​ത്തി എ​ളു​പ്പം ര​ക്ഷ​പ്പെ​ടാ​നാ​വു​മെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു.
സം​സ്ഥാ​ന​ത്ത് തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.
ആ​റു മാ​സം മു​മ്പ് ചാ​ത്ത​മം​ഗ​ലം പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഉ​ട​മ​യെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക​വ​ര്‍​ച്ചാ ശ്ര​മ​ത്തി​നു പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഇ.​പി. പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​സ്‌​ക്വാ​ഡും കു​ന്നമം​ഗ​ലം പോ​ലീ​സു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
കൊ​ളാ​യിത്താ​ഴ​ത്തെ ദേ​വ​ദാ​സ​ന്‍ ആ​ൻഡ് ബ്ര​ദേ​ഴ്സ് ഭാ​ര​ത് പെ​ട്രോ​ളി​യം പ​മ്പി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11നാ​ണ് ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ പ​ണം എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തി മു​ന്‍​വ​ശ​ത്തെ​ ഓ​ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖം മ​റ​ച്ചെ​ത്തി​യ ആ​ള്‍ പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ത​ട്ടി​പ്പ​റി​ച്ച് ഓ​ടാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ത് ചെ​റു​ത്ത​പ്പോ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍റെ നേ​രെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി.
സം​ഭ​വം ക​ണ്ട് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന്‍ ഓ​ടി​യെ​ത്തി. സ​ഞ്ചി കൈ​ക്ക​ലാ​ക്കി​യ മോ​ഷ്ടാ​വ് കു​ത​റി ഓ​ടി​യെ​ങ്കി​ലും സ​ഞ്ചി​യു​ടെ സി​പ്പ് ഇ​ടാ​ത്ത​തി​നാ​ല്‍ പ​ണം താ​ഴെ വീ​ണു. ഇ​തെ​ടു​ത്ത് ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​നു പി​ന്‍​വ​ശ​ത്തെ വി​ശ്ര​മ​മു​റി​യി​ല്‍​ക​യ​റി ക​ത​ക​ട​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​രു​ട്ടാ​യ​തി​നാ​ല്‍ മോ​ഷ്ടാ​വ് എ​ങ്ങോ​ട്ടാ​ണ് പോ​യ​തെ​ന്ന് മ​ന​സി​ലാ​യി​രു​ന്നി​ല്ല.