കുണ്ടറ: ചന്ദനത്തോപ്പ് ഗവ. ഐടിഐയിൽ സ്പെക്ട്രം 2019 ജില്ലാ തൊഴിൽ മേളയും അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗിന്റെ ശിലാസ്ഥാപനവും 21ന് നടക്കും. രാവിലെ പത്തിന് നടക്കുന്ന സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന സർക്കാർ വ്യവസായ പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് തൊഴിൽമേള. സംസ്ഥാനത്തെ ഐടിഐകളിൽ വിജയകരമായി തൊഴിൽ പരിശീലനം പൂർത്തിയാക്കിയ വിവിധ ട്രേഡുകളിലെ ട്രെയിനികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ കന്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് 21,22 തീയതികളിലാണ് തൊഴിൽമേള.
നൈപുണ്യവികസനം നാടിന്റെ നന്മയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 3000ത്തോളം ട്രെയിനികളും 200 ഓളം കന്പനികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കന്പനികളുടെ സജീവമാ. സഹകരണം സ്പെക്ട്രം തൊഴിൽമേള 2019ന്റെ സവിശേഷതയാണ്.
ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. തൊഴിൽമേളയുടെ ഉദ്ഘാടനത്തിനുശേഷം മന്ത്രി ടി.പി. രാമകൃഷ്ണൻ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം, അഖിലേന്ത്യാ തലത്തിൽ സ്കിൽ കോന്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയ ട്രെയിനികൾക്ക് സ്വർണമെഡൽദാനം, ഹരിത ഐടിഐ ജില്ലാതല ഉദ്ഘാടനം , നൈപുണ്യ കർമസേന സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നിർവഹിക്കുമെന്ന് ചന്ദനത്തോപ്പ് ഐടിഐ ജില്ലാ നോഡൽ പ്രിൻസിപ്പൽ ബി. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ എസ്. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, ജില്ലാ പഞ്ചായത്തംഗം ഡോ. കെ. രാജശേഖരൻ , ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു മോഹൻ, സ്പെക്ട്രം ജില്ലാ കോ-ഓർഡിനേറ്റർ ബി. ഹരേഷ്കുമാർ, ട്രെയിനീസ് കൗൺസിൽ ചെയർമാൻ എസ്. അനന്തകൃഷ്ണൻ, ചന്ദനത്തോപ്പ് ജില്ലാ നോഡൽ പ്രിൻസിപ്പൽ ബി. വിജയൻ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ പോളയത്തോട് റോയൽ ഐടിഐ പ്രിൻസിപ്പൽ സണ്ണി മൈക്കിൾ, ആർ. വിജയകുമാർ, പി.എം. മുഹമ്മദ് ഹബീബ്, പി. ഫൈസൽ എന്നിവർ പങ്കെടുത്തു.
ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന്
കൊല്ലം: ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.