പ്രതീകാത്മക ചിത്രം
സിനിമാ ചിത്രീകരണവേളയിലെ ബിടിഎസ് ദൃശ്യങ്ങൾക്കും ചിത്രങ്ങൾക്കും ഇനി കർശന നിയന്ത്രണം. നിർമാതാവിന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ ഷൂട്ടിംഗ് സെറ്റിലെ യാതൊരു ദൃശ്യങ്ങളും യൂട്യൂബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഔദ്യോഗികമായി നിർദ്ദേശിച്ചു.
സിനിമ സെറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുന്നതും അവ വാണിജ്യപരമായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം കൊയ്യുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അസോസിയേഷൻ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ സർക്കുലർ
"വിഷയം: സിനിമാ ചിത്രീകരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ, യൂട്യൂബ്, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.
സിനിമാ ചിത്രീകരണ വേളയിൽ പ്രവർത്തിക്കുന്ന ചില ടെക്നീഷ്യൻമാരും മറ്റ് അംഗങ്ങളും, ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലെയും സെറ്റിലെ പ്രവർ ത്തനങ്ങളിലെയും, തങ്ങൾ നിർവഹിക്കുന്ന ജോലികളുടെയും ദൃശ്യങ്ങൾ വീഡിയോയോ ചിത്രങ്ങളോ ആയി പകർത്തി സ്വന്തം യൂട്യൂബ് ചാനലുകളിലും മറ്റ് സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുന്നതും, ചില സാഹചര്യങ്ങളിൽ അവ വാണിജ്യപരമായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം കൈവരിക്കുന്നതും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഒരു സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ, സെറ്റിലെ പ്രവർത്തനങ്ങൾ, ബിഹൈൻഡ് ദി സീൻസ് ദൃശ്യങ്ങൾ, മറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ എന്നിവയുടെ പകർപ്പവകാശവും (Copyright), ബൗദ്ധിക സ്വത്തവകാശവും (Intellecutal Property Rigths), അവ ചിത്രീകരിക്കാനും, പ്രസിദ്ധീകരിക്കാനും, വിതരണം ചെയ്യാനും, പ്രദർശിപ്പിക്കാനും, വാണിജ്യപരമായി ഉപയോഗിക്കാനുമുള്ള സമ്പൂർണവും പ്രത്യേകവുമായ അവകാശം ബന്ധപ്പെട്ട സിനിമയുടെ നിർമാതാവിനാണ്.
അതിനാൽ, ബന്ധപ്പെട്ട നിർമാതാവിന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട യാതൊരു വിഡിയോയോ ചിത്രമോ ശബ്ദരേഖയോ യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുകയോ, പങ്കുവയ്ക്കുകയോ, വാണിജ്യപരമായി ഉപയോഗിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.
ഈ നിർദ്ദേശം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട എല്ലാ ടെക്നീഷ്യൻമാർക്കും, കലാകാരന്മാർക്കും, ജീവനക്കാർക്കും, കരാർ അടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കും ഉൾപ്പെടെ ചിത്രീകരണ സ്ഥലത്ത് പ്രവർത്തി ക്കുന്ന എല്ലാവർക്കും ബാധകമാണ്.
സിനിമാ നിർമാണവുമായി ബന്ധപ്പെട്ട എല്ലാവരും ഈ നിർദ്ദേശം കർശനമായി പാലിച്ച് നിർമാതാക്കളുടെ നിയമപരവും പകർപ്പവകാശപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
Tags : Producers Association Commercial financial profit