ലക്ഷ്മിപ്രിയ, അൻസിബ
ലക്ഷ്മിപ്രിയക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതി പാലാരിവട്ടം പോലീസ് തള്ളി. സോഷ്യൽ മീഡിയയിലൂടെ വ്യാജവും അപകീർത്തികരവുമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അൻസിബ ലക്ഷ്മിപ്രിയയ്ക്കെതിരെ പരാതി നൽകിയത്. പരാതി ഔദ്യോഗികമായി തള്ളിയ വിവരം പോലീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.
ലക്ഷ്മിപ്രിയ ചെയ്തത് കേവലം മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്നും ഇതിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കത്തക്ക കഴമ്പില്ലെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
ഓൺലൈൻ മാധ്യമ അഭിമുഖങ്ങളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ലക്ഷ്മിപ്രിയ തനിക്കെതിരെ അശ്ലീല കഥകളും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്.
എന്നാൽ പോലീസ് ഈ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ കൃത്യമായ അന്വേഷണം നടത്താനോ തയ്യാറായില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി, വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പാലാരിവട്ടം പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.
കോടതി നിർദ്ദേശപ്രകാരം ജൂലൈ ഒൻപതിന് പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പരാതി തള്ളിയെന്ന അന്തിമ നിലപാട് പോലീസ് അൻസിബയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
പോലീസിന്റെ ഈ നടപടിയോട് കോടതി എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ കേസിലെ തുടർനടപടികൾ.
Tags : Lakshmi Priya Ansiba criminal case Police reject