ന്യൂഡൽഹി: ടെലിവിഷൻ പരസ്യങ്ങൾക്ക് മണിക്കൂറിൽ 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) ചട്ടം ഡൽഹി ഹൈക്കോടതി ശരിവച്ചു.
പരസ്യങ്ങളുടെ സമയപരിധി ചോദ്യംചെയ്ത് വിവിധ ചാനൽ കന്പനികൾ സമർപ്പിച്ച ഹർജികൾ ജസ്റ്റീസുമാരായ അനിൽ ക്ഷേത്രപാൽ, അമിത് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.
2013ൽ ചട്ടം കൊണ്ടുവന്നെങ്കിലും നിയമലംഘനം നടത്തുന്ന ചാനലുകൾക്കെതിരേ നടപടിയെടുക്കുന്നതിൽനിന്ന് ട്രായിയെ ഹൈക്കോടതി വിലക്കിയിരുന്നു.
ട്രായ് ചട്ടത്തിനെതിരായ ഹർജികൾ കഴിഞ്ഞ പത്തു വർഷത്തിലേറെയായി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ തീർപ്പായത്. ചട്ടപ്രകാരം ചാനലുകൾക്ക് മണിക്കൂറിൽ പരമാവധി 10 മിനിറ്റ് വാണിജ്യ പരസ്യങ്ങളും രണ്ടു മിനിറ്റ് സ്വന്തം ചാനലിന്റെ പ്രൊമോഷനുകളും മാത്രമേ സംപ്രേഷണം ചെയ്യാൻ സാധിക്കൂ.