ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ പുതിയ ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനത്തിലെ പിഴവുകളുടെ പശ്ചാത്തലത്തില്‍ ബോര്‍ഡ് ചെയര്മാന് രാഹുല്‍ സിംഗിനെയും സെക്രട്ടറി ഹിമാന്‍ഷു ഗുപ്തയെയും കേന്ദ്രസര്‍ക്കാര്‍ നീക്കി.
പുതിയ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം) സംവിധാനത്തിലെ പിഴവുകളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെയും നിയോഗിച്ചു. കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷന് (സിബിസി) ചെയര്‍പേഴ്സണ്‍ എസ്. രാധാ ചൗഹാനാണ് അന്വേഷണ കമ്മിറ്റിയിലെ ഏക അംഗം. മറ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടാന്‍ ഇവര്‍ക്ക് അനുമതിയും നൽകി. അന്വേഷണ റിപ്പോര്‍ട്ട് ഒരുമാസത്തിനുള്ളില്‍ പഴ്സണേല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനു നല്‍കാനും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള റീവെരിഫിക്കേഷന് പോര്‍ട്ടല്‍ നിലവില്‍വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ചെയര്മാന് ഉള്‍പ്പെടെയുള്ളവരെ നീക്കിയത്. ഇത്തവണ സിബിഎസ്ഇ മൂല്യനിര്‍ണയ രീതി വിദ്യാര്‍ഥികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖം രക്ഷിക്കുന്നതിനാണു കേന്ദ്രത്തിന്റെ വൈകിയുള്ള നടപടി.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ പരിശോധിക്കാനുള്ള സാങ്കേതികതടസമായിരുന്നു പ്രധാന പ്രശ്നം. കുറെ വിദ്യാര്‍ഥികള്‍ക്കു കോപ്പികള്‍ ലഭിച്ചുവെങ്കിലും ഇതില്‍ അവ്യക്തമായ രേഖപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു.
വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രൂക്ഷമായാണ് പ്രതിപക്ഷം കേന്ദ്രത്തെ വിമര്‍ശിച്ചത്. പിഴവുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ചെയര്‍മാനെയും സെക്രട്ടറിയെയും നീക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും കോണ്‍ഗ്രസ് നേതൃത്വം എക്സില്‍ പ്രതികരിച്ചു.

ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ചെയർമാനായി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ നിയമിച്ചു. വരുൺ ഭരദ്വാജാണു സെക്രട്ടറി.
2001 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ലോഖണ്ഡെ പ്രശാന്ത് ആഭ്യന്തരമന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണിപ്പോൾ.
2008 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ് പുതിയ സെക്രട്ടറി വരുൺ ഭരദ്വാജ്. വിദ്യാഭ്യാസമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിൽനിന്നാണ് സിബിഎസ്ഇയിലേക്കു വരുന്നത്.
സിബിഎസ്ഇ ചെയർമാൻസ്ഥാനത്തുനിന്ന് നീക്കിയ രാഹുൽ സിംഗിനെ കൃഷി മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.
സെക്രട്ടറി ഹിമാൻശു ഗുപ്തയെ മാതൃകേഡറായ ആഭ്യന്തരമന്ത്രാലയത്തിൽ നിയമിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ നിയമനസമിതി തീരുമാനിച്ചു.
ന്യൂഡൽഹി: നാളുകളുടെ കാത്തിരിപ്പിനുശേഷം 12-ാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയത്തിനായുള്ള ഓണ്‍ലൈൻ പോർട്ടൽ സിബിഎസ്ഇ തുറന്നു. സാങ്കേതികതടസങ്ങൾ മൂലം മുന്‍പ് നിശ്ചയിച്ചിരുന്ന തീയതികളിൽ തുറക്കാൻ കഴിയാതിരുന്ന പോർട്ടൽ ഇന്നലെ പുലർച്ചയോടെയാണു പ്രവർത്തക്ഷമമായത്.
എന്നാൽ, പ്രവർത്തിച്ചുതുടങ്ങിയിട്ടും നിരവധി വിദ്യാർഥികൾക്ക് സാങ്കേതികതടസം നേരിട്ടെന്നും പുനർ മൂല്യനിർണയത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയടക്കം നിരവധി വിദ്യാർഥികൾ സ്ക്രീൻഷോട്ടുകൾ ചൂണ്ടിക്കാട്ടി പരാതികൾ ഉന്നയിക്കുന്നുണ്ട്.
അതേസമയം, മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരപേപ്പറുകറുടെ സ്കാൻ ചെയ്ത കോപ്പികൾ ഇതിനോടകം കരസ്ഥമാക്കിയവർക്കു മാത്രമേ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാൻ സാധിക്കൂ. ആറിന് അർധരാത്രി വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
Tags : CBSE's flaws Board chairman secretary