ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്.
പെട്രോൾ, ഡീസൽ വിലയ്ക്കൊപ്പം സിഎൻജിയുടെ വിലയും കഴിഞ്ഞദിവസം രാജ്യവ്യാപകമായി കൂട്ടിയിരുന്നു. കഴിഞ്ഞ 15ന് കമ്പനികൾ സിഎൻജി കിലോയ്ക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ ഇപ്പോൾ 80.09 രൂപയായി.
നോയിഡയിലും ഗാസിയാബാദിലും 88.70 രൂപയായി ഉയർന്നു. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു വിലകൂട്ടൽ. പശ്ചിമേഷ്യൻ യുദ്ധം പ്രതിസന്ധി രൂക്ഷമാക്കിയെന്നും വിലവർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്നും കമ്പനികൾ പറഞ്ഞു.
ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും പതിനായിരക്കണക്കിന് ഓട്ടോകൾ, ക്യാബുകൾ, പൊതുഗതാഗത ബസുകൾ എന്നിവയെല്ലാം സിഎൻജിയിലാണ് സർവീസ് നടത്തുന്നത്. ഈ വിലവർധനവ് യാത്രാക്കൂലി വർധനവിനും മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.