ന്യൂഡൽഹി: ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഇന്നു ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർത്ഥി പട്ടികയ്ക്കും അന്തിമരൂപമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. പാർട്ടിയിലെ പ്രായപരിധി നിബന്ധനയിൽ മുഖ്യമന്ത്രിക്ക് ഇളവ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പിണറായി വിജയൻതന്നെ മുന്നണിയെ നയിക്കുമെന്ന് എ.കെ. ബാലൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് പുറമെ മറ്റു പി.ബി അംഗങ്ങൾ മത്സരിക്കണോ എന്ന കാര്യത്തിലും കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കും.മട്ടന്നൂരിൽ ഇത്തവണ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മാറിനിൽക്കാനാണ് മുന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ തീരുമാനം.
നിലവിൽ മട്ടന്നൂർ എംഎൽഎയായ അവർക്ക് പകരം മറ്റൊരാളെ പരിഗണിക്കുന്നത് ശൈലജയെ 'വെട്ടാനുള്ള' നീക്കമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അഞ്ച് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന കർശന നിലപാടിലാണ് പാർട്ടി നേതൃത്വം. ഇത് ശൈലജയ്ക്കു തിരിച്ചടിയായേക്കാം. മട്ടന്നൂർ നൽകിയില്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാൻ സാധ്യതയുണ്ടെങ്കിലും, മട്ടന്നൂർ അല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് ഷൈലജ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് പി. സരിന്, തൃപ്പൂണിത്തുറയിൽ എം. സ്വരാജ്, ആലപ്പുഴയിൽ ജി. സുധാകരൻ, തളിപ്പറന്പിൽ എം.വി. നികേഷ്കുമാർ എന്നിവരുടെ പേര് സജീവ പരിഗണനയിലുണ്ട്.
ശൈലജയെയും യു. പ്രതിഭയെയും പോലുള്ള പ്രമുഖ വനിതാ നേതാക്കൾക്ക് സീറ്റ് നിഷേധിക്കപ്പെടുമോ എന്ന ആശങ്ക അണികൾക്കിടയിലുണ്ട്. മന്ത്രിമാരായ ആർ. ബിന്ദു, വീണ ജോർജ് എന്നിവർക്ക് പുറമേ പാർട്ടിയുടെ വനിതാ മുഖങ്ങളായ ആര്യ രാജേന്ദ്രൻ, ചിന്ത ജെറോം തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്നും വാർത്തകളുണ്ട്.
Tags : CPM Politburo Chief Minister