ന്യൂഡൽഹി: രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയ 22 രാജ്യസഭ എംപിമാരുടെ കാലാവധി ജൂണിൽ അവസാനിക്കും.
കാലാവധി അവസാനിക്കുന്നവരിൽ 11 പേർ ബിജെപിയിൽനിന്നും നാലുപേർ കോണ്ഗ്രസിൽനിന്നുമുള്ളവരാണ്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, മേഘാലയ, മധ്യപ്രദേശ്, മണിപ്പുർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരുടെ കാലാവധിയാണ് അവസാനിക്കുന്നത്.
കർണാടകയിൽ ഒഴിവ് വരുന്ന നാല് സീറ്റുകളിൽ കോണ്ഗ്രസിന് ഒരെണ്ണം മാത്രമാണു നിലവിലുള്ളത്. നിയമസഭയിൽ നിലവിലുള്ള അംഗസംഖ്യ കണക്കിലെടുത്ത് അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ വരെ നേടാമെന്ന് കോണ്ഗ്രസ് കണക്കുകൂട്ടുന്നു.
കോണ്ഗ്രസ് അധ്യക്ഷൻകൂടിയായ ഖാർഗെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണെങ്കിലും കർണാടകയിൽനിന്നുള്ള ജെഡി-എസ് എംപിയും മുൻ പ്രധാനമന്ത്രിയുമായ 93കാരൻ എച്ച്.ഡി. ദേവഗൗഡ വീണ്ടും ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കുറവാണ്. ദേവഗൗഡയെ വീണ്ടും ജയിപ്പിക്കാനുള്ള അംഗസംഖ്യ ജെഡി-എസിന് ഇല്ലെന്നതും അദ്ദേഹത്തിന്റെ പ്രായവും ഘടകങ്ങളാണ്. എന്നാൽ, ഭാവി തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ജെഡി-എസിലെ ഒരു സ്ഥാനാർഥിയെ രാജ്യസഭയിലേക്ക് ജയിപ്പിക്കുന്നതിന് ബിജെപി പിന്തുണ നൽകിയേക്കും.
മധ്യപ്രദേശിൽനിന്നു കാലാവധി അവസാനിക്കുന്ന മൂന്നുപേരിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗും കേന്ദ്രമന്ത്രി ജോർജ് കുര്യനുമുണ്ട്. ഇരുവരെയും വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദിഗ്വിജയ് സിംഗിനു പകരം പട്ടികജാതി വിഭാഗത്തിൽനിന്നുള്ള പ്രതിനിധിയായിരിക്കും മത്സരിക്കുകയെന്ന് റിപ്പോർട്ടുണ്ട്.
കേന്ദ്രമന്ത്രിയാണെങ്കിലും കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയമേറ്റു വാങ്ങിയ ജോർജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കണമോയെന്നതിൽ ബിജെപി നേതൃത്വം തീരുമാനമെടുക്കും. കേന്ദ്രമന്ത്രിസഭയിൽ പുനഃസംഘടന ലക്ഷ്യം വയ്ക്കുന്ന ബിജെപി അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേരെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
Tags : Rajya Sabha Descending