x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള വിവേചനം തുടരുന്നു: ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി

വെബ് ഡെസ്ക്
Published: August 29, 2026 01:51 PM IST | Updated: August 29, 2026 01:51 PM IST

രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് ജനവിഭാഗങ്ങൾക്കെതിരായ വിവേചനം ഇന്നും തുടരുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിന്‍റെയും പ്രത്യയശാസ്ത്രപരമായ നിലപാടുകളാണ് ഇത്തരം വിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ആധാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എത്തിയ മൈതാനവും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ദർശനം നടത്തുന്ന ക്ഷേത്രവും ശുദ്ധികലശം നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാലയങ്ങളിലും ചായക്കടകളിലും വിവാഹച്ചടങ്ങുകളിലും കുടിവെള്ള ലഭ്യതയിലുമടക്കം സമൂഹത്തിന്‍റെ വിവിധ തുറകളിൽ ജാതീയമായ വേർതിരിവുകൾ നിലനിൽക്കുന്നുണ്ടെന്നും ദളിത് നേതാക്കളെ ബിജെപിയും ആർഎസ്എസും നിരന്തരം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദളിതർ കടന്നുചെല്ലുന്ന ഇടങ്ങളിൽ മനപ്പൂർവം ശുദ്ധീകരണക്രിയകൾ നടത്തുന്നവർ അവർക്ക് അർഹമായ ബഹുമാനം ലഭിക്കുന്നത് തടയാനാണ് ശ്രമിക്കുന്നത്. മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെയുണ്ടായ സംഭവങ്ങളിൽ കോൺഗ്രസ് നേതാക്കൾ പിന്തുണച്ചില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഹുൽ തള്ളിക്കളഞ്ഞു. ചില വ്യക്തികൾ മാത്രമാണ് അത്തരത്തിൽ പ്രതികരിച്ചതെന്നും താൻ ഖാർഗെയ്ക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ലെന്നും സമൂഹത്തിൽ നിലനിൽക്കുന്ന വലിയൊരു സാമൂഹിക അസമത്വത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണിതെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ മുതിർന്ന ഒരു നേതാവിന് ഈ അവസ്ഥയാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന് ചിന്തിക്കണം. കുറ്റവാളികളെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും നിലവിലെ സാഹചര്യത്തിൽ ഖാർഗെയ്ക്കേറ്റ അപമാനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.

സോണിയ ഗാന്ധിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Tags : Discrimination Dalits RahulGandhi BJP RSS Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up