ഭുവനേശ്വർ: വിവാഹ മോചനത്തിന് വിസമ്മതിച്ച യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ഒഡിഷയിലെ ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാൽ (23) ആണ് കൊല്ലപ്പെട്ടത്.
കേസിൽ ഭാര്യ ശുഭശ്രീ ബെഹ്റ(23), കാമുകൻ തപൻ ഖില്ലാർ(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, തോക്ക് നിർമിച്ചുനൽകിയ സുരാജ്, അങ്കിത് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
നഗരത്തിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ശുഭശ്രീ ബെഹ്റ സുഹൃത്ത് പ്രിതിപ്രവ പ്രിയദർശിനിയുടെ സഹോദരൻ തപൻ ഖില്ലാറുമായി അടുപ്പത്തിലായിരുന്നു. ഇരുവർക്കും വിവാഹിതരാകാനായി സൗമ്യ രഞ്ജൽ സമാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടു.
എന്നാൽ രഞ്ജൽ സമാൽ ഇതിന് തയാറാകാതെ വന്നതോടെയാണ് ഖില്ലാർ തോക്ക് നിർമിച്ചുനൽകുന്ന സുരാജിനെയും അങ്കിതിനെയും ബന്ധപ്പെട്ടത്. പ്രിതിപ്രവ ഇതിനായി 49,000 രൂപ സുരാജിനും അങ്കിതിനും അയച്ചുനൽകി.
തുടർന്ന് തോക്ക് ലഭിച്ചതോടെ ഖില്ലാർ സൗമ്യ രഞ്ജൻ സമാലിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : odisha crime news odisha police arrest