ചണ്ഡീഗഢ്: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗ്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ സീറ്റുകൾ കോടികൾ വാങ്ങി ആം ആദ്മി പാർട്ടി വിറ്റഴിക്കുകയായിരുന്നു എന്ന് ഹർഭജൻ പരസ്യമായി ആരോപിച്ചു.
രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ആറ് എഎപി എംപിമാർക്കൊപ്പം കഴിഞ്ഞ മാസമാണ് ഹർഭജൻ സിംഗ് ബിജെപിയിലേക്ക് മാറിയത്. ഇതിന് പിന്നാലെ എഎപി പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയും ഭിത്തികളിൽ 'ഗദ്ദാർ' എന്ന് എഴുതിവെക്കുകയും ചെയ്തിരുന്നു. ഹർഭജൻ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കണമെന്ന് എഎപി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വെളിപ്പെടുത്തൽ.
"എന്നെ രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും വിളിക്കുന്നവർ ആദ്യം സ്വന്തം നേതൃത്വത്തോട് ചോദിക്കൂ, പഞ്ചാബിലെ രാജ്യസഭാ സീറ്റുകൾ എത്ര രൂപയ്ക്കാണ് വിറ്റതെന്ന്. അവർ പറഞ്ഞുതരില്ലെങ്കിൽ ആരാണ് എത്ര കൈക്കൂലി വാങ്ങിയതെന്നും ആർക്കൊക്കെയാണ് പണം നൽകിയതെന്നും ഞാൻ കൃത്യമായി പറഞ്ഞുതരാം," ഹർഭജൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, പാർട്ടിയുടെ പ്രമുഖ മുഖമായിരുന്ന ഹർഭജന്റെ ഈ അഴിമതി ആരോപണങ്ങൾ ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.