ന്യൂഡൽഹി: ആക്ഷേപഹാസ്യ കൂട്ടായ്മായായ കോക്രോച്ച് ജനതാ പാർട്ടിയുടെ(സിജെപി) എക്സ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കേന്ദ്രം വിയോജിപ്പുകൾ അടിച്ചമർത്തുകയാണെന്ന് മഹുവ വിമർശിച്ചു.
ഫാഷിസം ജനാധിപത്യമല്ല. കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളെ വളരെയധികം ഭയപ്പെടുന്നു, ഒരു വെർച്വൽ ഓൺലൈൻ പ്രസ്ഥാനത്തോട് പോലും അസഹിഷ്ണുതയാണ്. പ്രതിപക്ഷത്തുള്ളവർ ഓരോ ദിവസവും എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അവർ അവർ എക്സിൽ കുറിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന ആക്ഷേപഹാസ്യ കൂട്ടായ്മായാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ അഭിജീത് ദിപ്കെയാണ് സിജെപിയുടെ സ്ഥാപകൻ.
ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിലെ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് മണിക്കൂറുകൾക്കുള്ളിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു. നേരത്തേ തന്നെ മഹുവ മൊയ്ത്രയും ടി.എം.സി നേതാവായ കീർത്തി ആസാദും സി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു.
Tags : Mahua Moitra Cockroach Party