ഗുവാഹത്തി: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ തൃപ്തി രേഖപ്പെടുത്തി ആസാം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുരാഗ് ഗോയൽ. സ്ട്രോംഗ് റൂമുകളുടെ സുരക്ഷയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയർന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കർശനമായ പ്രോട്ടോക്കോൾ ആണ് സംസ്ഥാനത്തുടനീളം പാലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ട്രോംഗ് റൂമുകൾക്ക് ചുറ്റും കേന്ദ്ര സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ കനത്ത സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നത്. സ്ട്രോംഗ് റൂമുകളുടെ പരിസരം മുഴുവൻ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ്. തിരിച്ചറിയൽ രേഖയും കൃത്യമായ രജിസ്ട്രേഷനും ഇല്ലാതെ ഉദ്യോഗസ്ഥർക്ക് പോലും സ്ട്രോംഗ് റൂം പരിസരത്തേക്ക് പ്രവേശനമില്ല.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ അനുവാദമുണ്ടെന്ന് അനുരാഗ് ഗോയൽ അറിയിച്ചു. സ്ഥാനാർത്ഥികൾക്കോ പ്രതിനിധികൾക്കോ സിസിടിവി മോണിറ്ററിംഗ് സോൺ വരെ പോകാം. ഒരേസമയം മൂന്ന് മുതൽ അഞ്ച് പേർക്ക് വരെ മാത്രമേ ഈ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. സ്ട്രോംഗ് റൂമിന്റെ വാതിലിന് അടുത്തേക്ക് ആർക്കും പ്രവേശനം അനുവദിക്കില്ല. വോട്ടെണ്ണൽ ദിനം വരെ ഇതേ സുരക്ഷാ ക്രമീകരണങ്ങൾ തുടരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.