ന്യൂഡല്ഹി: റഷ്യയില്നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്കു പോയ ഏഴു ടാങ്കറുകൾ ദക്ഷിണ ചൈനാക്കടലില് യു ടേണ് അടിച്ച് ഇന്ത്യയിലേക്കു തിരിച്ചു. റഷ്യയില്നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്ധിപ്പിച്ചതാണ് കപ്പലുകളുടെ ഗതിമാറ്റത്തിനു പ്രധാന കാരണം.
അക്വ ടൈറ്റന് എന്ന ആദ്യകപ്പല് ശനിയാഴ്ച ന്യൂമംഗളൂരു തുറമുഖത്തെത്തും. ജനുവരി അവസാനം ബാള്ട്ടിക് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലാണിതെന്നു ഷിപ് ട്രാക്കിംഗ് ഡാറ്റയില് പറയുന്നു. ചൈനീസ് തുറമുഖമായ റിസോവോയിലേക്കാണു കപ്പല് യാത്ര തിരിച്ചിരുന്നത്.
ലൈബീരിയന് കപ്പലായ സുയസ് മാക്സ് സോസോ എന് എന്ന കപ്പലും ഇന്ത്യയിലേക്കു തിരിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഗുജറാത്തിലെ സിക്ക തുറമുഖത്ത് കപ്പൽ എത്തും. ഊര്ജ ആവശ്യത്തിന്റെ 90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു വലിയ ആശ്വാസമാണ് ഈ സംഭവവികാസങ്ങള്.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടതോടെ റഷ്യയില്നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് യുഎസ് താത്കാലിക അനുമതി നല്കിയിരുന്നു.
ഒരുമാസത്തെ ഇളവാണ് യുഎസ് നല്കിയിരിക്കുന്നത്. ഈ ഇളവു വന്ന ആദ്യ ആഴ്ച തന്നെ ഇന്ത്യന് റിഫൈനറികള് 30 ദശലക്ഷത്തോളം ബാരല് റഷ്യന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യക്കു പിന്നാലെ മറ്റു രാജ്യങ്ങള്ക്കും ഇളവ് കൊടുത്തതോടെ ചൈനയിലേക്കു പോയിരുന്ന പല കപ്പലുകളും ദിശ മാറ്റി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുകയായിരുന്നു. ഇന്ത്യ ഇറക്കുമതി കുറച്ചതോടെ ചൈനയായിരുന്നു റഷ്യയില്നിന്ന് ഏറ്റവും അധികം ക്രൂഡ് ഓയില് വാങ്ങിയിരുന്ന രാജ്യം.
Tags : India Russian oil tankers Crude Oil Aqua Titan ship