ന്യൂഡൽഹി: ക്രമക്കേടുകളെ തുടർന്ന് രാജ്യമുടനീളം വീണ്ടും നടത്തുന്ന നീറ്റ് പരീക്ഷയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ പരിശോധനകൾ വിവാദത്തിലേക്ക്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയ്ക്കിടെ വിദ്യാർത്ഥിനികളുടെ തട്ടവും (ബുർഖ) മതപരമായ ആചാരങ്ങളുടെ ഭാഗമായുള്ള മാലകളും ചരടുകളും അഴിപ്പിച്ചു എന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതി.
ഹരിയാനയിലെ ഗുരുഗ്രാമിൽ ഉൾപ്പെടെ വിദ്യാർത്ഥികളുടെ രുദ്രാക്ഷ മാലകളും കൈയിലെ കാപ്പുകളും അഴിപ്പിച്ചു എന്ന് രക്ഷിതാക്കൾ ആരോപിച്ചു. രാജസ്ഥാനിലെ അജ്മീരിൽ ബുർഖ ധരിച്ചെത്തിയ പരീക്ഷാർത്ഥിയെ ആദ്യം പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതായും പരാതിയുണ്ട്.
ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് ശേഷം നടക്കുന്ന പരീക്ഷയായതിനാൽ എഐ നിരീക്ഷണം, ബയോമെട്രിക് വെരിഫിക്കേഷൻ, ജാമറുകൾ എന്നിവയടക്കം വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഇത്തവണ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരുക്കിയിരിക്കുന്നത്. സുതാര്യത ഉറപ്പാക്കാനാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷയിൽ രാജ്യത്തിനകത്തും പുറത്തുമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
Tags : NEET UG 2026 re-exam security check Latest News