ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണ ഏജൻസികൾ നടപടികളെടുക്കുന്നില്ലാരോപിച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. രാമക്ഷേത്രത്തിനു ലഭിച്ച കോടികളുടെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടിട്ടും ഒരൊറ്റ എഫ്ഐആർ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും കേജരിവാൾ എക്സിലിട്ട ഒരു വീഡിയോ പോസ്റ്റിൽ പറയുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനകളായി ലഭിച്ച കോടിക്കണക്കിനു രൂപയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടയിലാണ് കേജരിവാളും സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നത്.
കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസമാണ് വലുതെന്നും ക്രമക്കേടുകളിൽ ഉൾപ്പെട്ടവർ എത്ര വലിയവരാണെങ്കിലും അവരെ ജയിലിൽ അടക്കണമെന്നും കേജരിവാൾ പറഞ്ഞു.
രാമക്ഷേത്രത്തിൽനിന്ന് കോടികളുടെ സംഭാവന തട്ടിയെടുത്തതിനോടൊപ്പം ആഭരണപ്പെട്ടികളും തട്ടിയെടുത്തെന്ന് പറയപ്പെടുന്നുണ്ടെന്നും എന്നിട്ടും ഉത്തർപ്രദേശ് പോലീസോ ഇഡിയോ സിബിഐയോ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
Tags : Arvind Kejriwal ayodhya temple BJP