ന്യൂഡൽഹി: ലബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 94 ഇന്ത്യൻ നാവികരുമായി മൂന്ന് ഇന്ത്യൻ അസംസ്കൃത എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോയി.
ശനിയാഴ്ച പകലാണ് നാടകീയമായ ഈ നീക്കം നടന്നത്. കപ്പലുകൾ നിലവിൽ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.
ബ്ലൂംബെർഗ് പുറത്തുവിട്ട കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ദേശ് വിഭോർ എന്ന കപ്പൽ കടലിടുക്കിലൂടെ നീങ്ങുന്നതിനിടെ യുഎസ് സൈന്യത്തിന്‍റെ നിർദ്ദേശപ്രകാരം തെക്കൻ പാതയിലേക്ക് തിരിഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇറാൻ തീരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു.
ഒടുവിൽ അതീവ സങ്കീർണ്ണമായ സാഹചര്യങ്ങൾ മറികടന്ന് ദേശ് വൈഭവ്', ദേശ് വിഭോർ, സൻമാർ ഹെറാൾഡ്' എന്നീ മൂന്ന് ഇന്ത്യൻ ടാങ്കറുകളും അന്താരാഷ്ട്ര ജലാതിർത്തിയിൽ പ്രവേശിച്ചു. ഈ കപ്പലുകളിലായി ആകെ 860,000 ടണ്ണിലധികം അസംസ്കൃത എണ്ണയുണ്ടെന്നും ജൂൺ 24 നും ജൂലൈ ഒന്നിനും ഇടയിൽ ഇവ ഇന്ത്യയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും നാവികരുടെ സുരക്ഷയ്ക്കും സർക്കാർ അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് സോനോവാൾ കൂട്ടിച്ചേർത്തു.
Tags : oil tankers Hormuz Indian