ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർത്ഥി ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം. ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ ജൂൺ ഒന്ന് മുതൽ മൂന്നുവരെ കർശന ഉപാധികളോടെ ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
അസുഖബാധിതയായ മാതാവിന്റെ ശസ്ത്രക്രിയക്കായി പതിനഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉമറിന്റെ ആവശ്യം. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണമെന്ന കാര്യവും ഉമർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡൽഹി കർക്കർദൂമ അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ജാമ്യം നൽകുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നടപടി. ഇതോടെയാണ് ഉമർ ഹൈക്കോടതിയെ സമീപിച്ചത്.
Tags : Delhi High Court activist Umar Khalid interim bail