ന്യൂഡൽഹി: പശ്ചിമ ബംഗാളിലെയും അസമിലെയും ഉജ്ജ്വല വിജയത്തിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ബംഗാളിലെ വിജയത്തോടെ ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞിരിക്കുകയാണ്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവയ്ക്ക് പിന്നാലെ ബംഗാളിലും ബിജെപി സർക്കാർ വരുന്നതോടെ ഗംഗാ നദിയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിന് കീഴിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിൽ 205 സീറ്റുകളിലും അസമിൽ 101 സീറ്റുകളിലും ലീഡ് ചെയ്തുകൊണ്ട് ബിജെപി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയ 93 ശതമാനം പോളിംഗ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പോലും കമ്മ്യൂണിസ്റ്റ് ഭരണമില്ല. ഇത് കേവലം ഒരു രാഷ്ട്രീയ മാറ്റമല്ല, മറിച്ച് ജനങ്ങളുടെ ചിന്താഗതിയിലുണ്ടായ മാറ്റമാണ്," എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള വോട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ ഇനി സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷമുണ്ടാകുമെന്നും യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 'ആയുഷ്മാൻ ഭാരത്' പദ്ധതിക്ക് അനുമതി നൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്യാമപ്രസാദ് മുഖർജി ബംഗാളിനായി കണ്ട സ്വപ്നങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷം സഫലമാകുകയാണെന്നും, ഓരോ ബിജെപി പ്രവർത്തകനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Tags : BJP Prime Minister Latest News