ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ വന്യജീവി സങ്കേതത്തിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. പുരൈന സ്വദേശിനി രീത ദേവി (40) യാണ് മരിച്ചത്.
രീതയുടെ കഴുത്തിലും ചുമലിലും ആഴത്തിലുള്ള കടിയേറ്റ മുറിവുകളും കവിളുകളിലും തലയിലും നഖങ്ങൾ കൊണ്ടുള്ള പോറലുകളുമുണ്ട്. വന്യജീവി സങ്കേതത്തിന്റെ പ്രധാന വനമേഖലയിലൂടെ ഒഴുകുന്ന തോടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കന്നുകാലികൾക്കായി പുല്ല് ചെത്തിക്കൊണ്ടിരുന്നപ്പോഴാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. രീതയുടെ ഭർത്താവ് സുഭാഷ് ഗൗതമന് അന്ത്യകർമങ്ങൾക്കായുള്ള ചിലവുകൾക്കായി 10,000 രൂപ അടിയന്തര സഹായമായി നൽകിയിട്ടുണ്ട്.