ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. യുദ്ധം ഇന്ത്യയുടെ സുരക്ഷയെയും സാമ്പത്തിക മേഖലയെയും എങ്ങനെ ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന രണ്ടാമത്തെ പ്രത്യേക ക്യാബിനറ്റ് സുരക്ഷാ യോഗമാണിത്.
വിദേശകാര്യം, പ്രതിരോധം, പെട്രോളിയം, വാണിജ്യം തുടങ്ങി വിവിധ മന്ത്രാലയങ്ങൾ ഇതുവരെ സ്വീകരിച്ച മുൻകരുതൽ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട കൂടുതൽ കർശനമായ നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യുദ്ധമേഖലയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ അവരെ നാട്ടിലെത്തിക്കുന്നതിനുമുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു.
Tags : West Asia Prime Minister high-level security Latest News