ജോസഫ് വടക്കേമുറിയില്‍ ജര്‍മനിയില്‍ അന്തരിച്ചു
ജോസ് കുമ്പിളുവേലില്‍
Friday, March 14, 2025 12:10 PM IST
കൊളോണ്‍: ജര്‍മന്‍ മലയാളിസമൂഹത്തിലെ നിരവധി കര്‍മമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് വടക്കേമുറിയില്‍(കുഞ്ഞേപ്പ് - 77) കൊളോണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
കോട്ടയം ജില്ലയിലെ തീക്കോയിക്കടുത്തുള്ള അടുക്കമാണ് സ്വദേശം. ഭാര്യ: ശോശാമ്മ റാന്നി കരികുളം, കാഞ്ഞിക്കാവില്‍ കുടുംബാംഗം. മകന്: റെജി. മരുമകള്‍: ലേനാ. കൊച്ചുമക്കൾ: നീല, ടോം, നവ്യ.
1966ല്‍ ജര്‍മനിയിലെത്തിയ ജോസഫ് കൊളോണ്‍ മലയാളികളെ 1978ല്‍ വോളിബോള്‍ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും 1981ല്‍ ഒരു ക്ലബ് രൂപീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്ത്യന്‍ വോളിബോള്‍ ക്ലബ്(ഐവിസി) എന്ന പേരില്‍ 1984ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡന്റായി ജോസഫ് വടക്കേമുറിയിലിനെ തെരഞ്ഞെടുത്തു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളിലൂടെ ക്ലബിന്റെ ഖ്യാതി ജർമനിക്ക് പുറത്തേയ്ക്കും വ്യാപിച്ചു നിരവധി അന്തര്‍ദേശീയ ടൂര്‍ണമെന്റുകളിലും പങ്കാളിയായി.
കായിക രംഗത്തെന്നപോലെ, കലയേയും കലാപ്രസ്ഥാനങ്ങളേയും ഇഷ്ടപ്പെട്ടിരുന്ന ജോസഫ് 1982ല്‍ കൊളോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ദര്‍ശനാ തീയറ്റേഴ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും 2002 - 2008 കാലയളവില്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
പൊതുപ്രവര്ത്തനങ്ങളില് തത്പരനായിരുന്ന ജോസഫിന്റെ സജീവസാന്നിധ്യം 85 - 90 കാലഘട്ടത്തില്‍ കൊളോണ്‍ കേരളസമാജത്തിന്റെ വേദികളിലും ശ്രദ്ധിക്കപ്പെട്ടു. ജോസഫിന്റെ സുഹൃത്ത് വലയം ജര്‍മനിക്ക് അകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്നതാണ്.
താന്‍ വസിക്കുന്ന സ്ഥലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതികരിച്ചിരുന്ന ഇദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരുമാതൃകയാണ്. ജര്‍മന്‍ ഭാഷാ നൈപുണ്യവും ഡ്രെെവിംഗ് പ്രാഗത്ഭ്യവും ജോസഫിനെ കൊളോണ്‍ മലയാളി സമൂഹത്തിലെ നവാഗതര്ക്കിടയില് ഒരു ഗുരുസ്ഥാനിയാക്കി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന ജോസഫിന്റെ വേര്‍പാടില്‍ കൊളോണ്‍ മലയാളികള്‍ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.