കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
ജോസ് കുമ്പിളുവേലില്‍
Friday, May 30, 2025 12:48 PM IST
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ മലയാളി സംഘടനയായ കൊളോണ്‍ കേരള സമാജത്തിന്റെ 2025ലെ വാര്‍ഷിക യോഗവും 2025-27 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ബ്രൂളിലെ സെന്റ് സ്റ്റെഫാന്‍ പള്ളി ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി മുഖ്യ വരണാധികാരിയായി തെരഞ്ഞെടുത്ത പോള്‍ ഗോപുരത്തിങ്കല്‍, സഹായിയായി ബാബു എളമ്പാശേരില്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.
ജോസ് പുതുശേരി പതിനഞ്ചാം തവണയും പ്രസിഡന്റായി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരിയും ട്രഷററായി ഷീബ കല്ലറയ്ക്കല്ലും തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ പുതുതലമുറയില്‍ നിന്ന് എതിരില്ലാതെ ഭരണസമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബൈജു പോളിന് സ്പോര്‍ട്സ് സെക്രട്ടറിയുടെ ചുമതല നല്കി. ജിറ്റു ചദ്ദ, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവര്‍ ഓഡിറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു. സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ വീണ്ടും പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.
സമാജത്തിന്റെ ഇക്കൊല്ലത്തെ തിരുവോണാഘോഷം സെപ്റ്റംബര്‍ 20ന് വൈകുന്നേരം 5.30ന് കൊളോണ്‍ വെസലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളിഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.