ആതുരപരിപാലന രംഗത്ത് മാതൃകയായി മലയാളി നഴ്സ് റ്റിൻസി ജോസ്
അപ്പച്ചൻ കണ്ണഞ്ചിറ
Friday, May 23, 2025 4:27 PM IST
കിംഗ്സ് ലിൻ: ഈസ്റ്റ് ആംഗ്ലിയായിലെ കിംഗ്സ് ലിൻ - ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ ജീവനക്കാരിയായ മലയാളി നേഴ്സ് റ്റിൻസി ജോസ് യുകെയിൽ ആതുരപരിപാലന രംഗത്ത് അംഗീകാരങ്ങളുടെ കൊടുമുടിയിൽ.
അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷത്തിൽ ചാൾസ് രാജാവിന്റെ കൊട്ടാര "ഗാർഡൻ പാർട്ടി'യിൽ റ്റിൻസി അതിഥിയായെത്തിയത് ആദരവിന്റെയും മാനവികയുടെയും മനക്കരുത്തിന്റെയും പ്രതീകമായാണ്.
"ബിബിസി ബ്രെവറി അവാർഡ്' ലഭിച്ച റ്റിൻസിയെ ലെയ്റ്റ്നന്റ് ഓഫ് കേംബ്രിഡ്ജ്ഷയറാണ് ഗാർഡൻ പാർട്ടിയിലേക്ക് നാമനിർദേശം ചെയ്തത്. കേംബ്രിഡ്ജ് കൗണ്ടിയിൽ "മേക്ക് എ ഡിഫറനൻസ്' അവാർഡ് വിഭാഗത്തിൽ റ്റിൻസി തന്റെ ജീവിത കഥ ബിബിസി റേഡിയോയിലൂടെ പങ്കുവച്ചതിനാണ് 2024ൽ ബിബിസിയുടെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചത്.
ഗാർഡൻ പാർട്ടിയിൽ രാജകുടുംബത്തിന്റെ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, രാജ്ഞി കാമില, രാജകുമാരി ആനി, പ്രിൻസ് എഡ്വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ വിശിഷ്ട വ്യക്തികളും നിരവധി പ്രമുഖരും പങ്കുചേർന്നിരുന്നു.
കമ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകൾക്ക് നന്ദി പറയുന്നതിനും പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതൽ ഗാർഡൻ പാർട്ടികൾ രാജകുടുംബം നടത്തിവരുന്നുണ്ട്.
റ്റിൻസി ജോസ് തന്റെ ജീവിത പടയോട്ടത്തിൽ സധൈര്യം തേര് തെളിച്ചും പാർക്കിൻസൺ രോഗബാധിതർക്ക് പരിപാലനവും ഒത്തുചേരുവാനുള്ള പ്ലാറ്റ്ഫോമും രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള കാമ്പയിനും ചെയ്യുന്ന ആതുര രോഗത്തെ ഒരു യോദ്ധാവ് കൂടിയാണ്.
രോഗികൾക്കും അവരുടെ പരിപാലകർക്കും വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ പാർക്കിൻസൺ യുകെയെ പ്രതിനിധീകരിച്ച് പാർലമെന്റിലും ബിബിസിയിലും സമാനമായ ഇതര വേദികളിലും തന്റെ ജീവിത കഥയോടൊപ്പം പാർക്കിൻസൺ രോഗത്തെപ്പറ്റി ബോധവത്കരണം നടത്തുകയും ചെയ്യുന്ന റ്റിൻസി രോഗികൾക്കിടയിലെ പ്രതീക്ഷയുടെ പ്രതിഫലനമാണ്.
പാർക്കിൻസൺ ബോധവത്കരണ പരിപാടിയുടെ ഭാഗമായി റ്റിൻസിയുടെ അനുഭവങ്ങളും ലേഖനങ്ങളും പാർക്കിൻസൺ യുകെയുടെ മാഗസിനിലും റോയൽ കോളജ് ഓഫ് നഴ്സിംഗ് എന്ന ട്രേഡ് യൂണിയനും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019ലാണ് റ്റിൻസിയുടെ പാർക്കിൻസൺസ് രോഗ സ്ഥിരീകരണം നടക്കുന്നത്. പൊടുന്നനെ സ്വപ്നങ്ങളും വർണങ്ങളും ചോർന്നു പോയ നിരാശയുടെയും വേദനയുടെയും ഉൾമുഖത്തേക്കു തന്റെ മനസ് ചുരുങ്ങിപ്പോയെന്നു റ്റിൻസി പറഞ്ഞു.
ഇതേ രോഗം പിടിപെട്ട് നേരിൽക്കണ്ടിട്ടുള്ള പലരുടെയും ഓർമകൾ തന്നെ ഏറെ അലോരസപ്പെടുത്തുകയായിരുന്നുവത്രേ തുടക്ക ദിനങ്ങളിൽ. പക്ഷെ തന്റെ മേട്രനുമായി രോഗവിവരം പങ്കുവയ്ക്കുകയും അവർ നൽകിയ ഉപദേശങ്ങൾ ആത്മധൈര്യം വീണ്ടെടുത്തു പ്രത്യാശയോടെ മുൻപോട്ടുപോകാനുള്ള കരുത്തു നൽകിയതായും റ്റിൻസി നന്ദിയോടെ സ്മരിക്കുന്നു.
റ്റിൻസിയുടെ സഹോദരിക്കു ബ്രെസ്റ്റ് കാൻസർ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒപ്പം ശക്തിയും സഹായവും പിന്തുണയും മനോബലവുമായി നിലയുറപ്പിച്ച റ്റിൻസിക്ക് ഇത്തവണ സഹോദരി തിരിച്ചും കട്ടയ്ക്ക് കൂടെ നിന്ന് കരുത്തുപകരാനുണ്ടായിരുന്നു.
ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ശക്തമായ പിന്തുണയോടെ "ജീവിത താളം' തിരികെ പിടിക്കുവാൻ റ്റിൻസിക്ക് അധിക സമയം വേണ്ടിവന്നില്ല.
പിന്നീട് പാർക്കിൻസൺ എന്ന രോഗത്തെ പറ്റിയുള്ള വ്യക്തിപരമായ പഠനവും പാർക്കിൻസൺ ഗവേഷണങ്ങളിൽ പങ്കെടുത്തും തന്റെ അനുഭവകഥകൾ പങ്കുവച്ചും ബോധവത്കരണങ്ങൾ നടത്തിയും മുന്നേറുകയാണ് പാർക്കിൻസൺ രോഗികൾക്കിടയിൽ പ്രചോദനമായ ഈ നഴ്സ്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം എന്ന ഗ്രാമത്തിൽ കാരികുന്നേൽ കുടുംബത്തിലെ ഏഴാമത്തെ അംഗമായിട്ടാണ് റ്റിൻസിയുടെ ജനനം. കോയമ്പത്തൂരെ ജെ കെ കോളജിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചു വർഷങ്ങൾ നാട്ടിൽ ജോലി ചെയ്ത റ്റിൻസി 2008ലാണ് യുകെയിൽ എത്തുന്നത്.
ആദ്യ വർഷങ്ങൾ നഴ്സിംഗ് ഹോമിൽ ജോലിചെയ്ത റ്റിൻസി 2014ലാണ് കിംഗ്സ് ലിന്നിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നഴ്സ് ആയി ജോലിക്കു കയറുന്നത്.
2019ൽ പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചു ഒരു കൊല്ലത്തിനകം തന്നെ 2020ൽ ബാൻഡ്6 ജൂണിയർ സിസ്റ്റർ ആയി പ്രൊമോട്ട് ചെയ്യപ്പെടുമ്പോൾ വെളിവാകുക അവരുടെ നിശ്ചയ ദാർഢ്യവും പ്രതിബദ്ധതയും മനക്കരുത്തുമാണ്.
ഇപ്പോൾ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ തന്നെ ജൂണിയർ സിസ്റ്ററായി ജോലി നോക്കി വരികയാണ് റ്റിൻസി. താൻ അംഗമായ എൻഎച്ച്എസിലെ പാർക്കിൻസൺ രോഗമുള്ള ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങളുമായി ചേർന്നു പാർക്കിൻസൻ രോഗികൾക്ക് സമയത്തു മരുന്ന് കൊടുക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാമുഖ്യം നൽകി നടത്തുന്ന നിസ്വാർഥമായ സേവനങ്ങളെ മാനിച്ച് "പാർക്കിൻസൺസ് മെഡിക്കേഷൻ സേഫ്റ്റി കാമ്പെയിൻ വർക്' ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.
പ്രസ്തുത അവാർഡിനായി 210 ഓർഗനൈസേഷനുകളിൽ നിന്നും 516 എൻട്രികൾ കിട്ടിയതിൽ നിന്നാണ് റ്റിൻസിയുടെ ടീം വിജയികളാവുന്നത് എന്നത് ആ രംഗത്തുള്ള അവരുടെ മഹത്തായ സംഭാവനയും നേതൃത്വവും എടുത്തു കാണിക്കുന്നു.
2023, 2025 കളിലായി പാർലിമെന്റിൽ മൂന്നു തവണ സന്ദർശിക്കുവാൻ റ്റിൻസിക്ക് ഇതിനിടയിൽ അവസരം കിട്ടിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാർക്കിൻസൺ ദിനാചരണങ്ങളുടെ ഭാഗമായി "പാർക്കിൻസൺ യുകെ' യുടെ പ്രതിനിധിയായി.
പാർക്കിൻസൺ രോഗികളോടൊപ്പം ചെന്ന് തന്റെ അനുഭവങ്ങളും, കമ്മ്യുണിറ്റി നേരിടുന്ന പ്രതിസന്ധികളും വിഷമങ്ങളും ആവശ്യങ്ങളും എംപിമാരെ ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.
ആദ്യ പാർലിമെന്റ് യാത്രയിൽ അന്നത്തെ ഡിസബിലിറ്റി മിനിസ്റ്ററായിരുന്ന തോമസ് സി ജെ പർസഗ്ലോവുമായി സംസാരിക്കുവാനും റ്റിൻസിക്ക് അവസരം കിട്ടി.

പാർലമെന്റിലെ പാർക്കിൻസൺസിന്റെ ഓൾ പാർട്ടി ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ബാരോനെസ് ഗെയിലിനു യാത്രയയപ്പു നൽകുന്നതിനും ആദരവ് അർപ്പിക്കുന്നതിനുമായി പാർലിമെന്റിൽ ചേർന്ന യോഗത്തിൽ പാർക്കിൻസൺ യുകെയുടെ ഭാഗമായാണ് ടിൻസി മറ്റൊരു തവണ പാർലമെന്റിൽ പോകുന്നത്.
മരുന്നുകൾ മുടങ്ങാതെ യഥാ സമയം കഴിക്കുവാനും അവ ലഭ്യമാക്കുവാനും അതുവഴി പാർക്കിൻസൺ രോഗികളെ രോഗാവസ്ഥ വഷളാക്കാതെ നോക്കുവാനുള്ള കാമ്പയിൻ നടത്തിപ്പോരുന്ന ടിൻസിയുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും നിർദ്ദേശം ഏറ്റെടുത്തു എൻഎച്ച്എസ് ഇംഗ്ലണ്ട് യുകെയിൽ 2024 മുതൽ 2027 വരെ "മെഡിക്കേഷൻ സേഫ്റ്റി പ്രോഗ്രാം' ഗവൺമെന്റ് തലത്തിൽ പദ്ധതി ആവിഷ്ക്കരിച്ചതിൽ റ്റിൻസിക്കും തന്റെ പങ്കിൽ ഏറെ അഭിമാനിക്കാം.
കേംബ്രിഡ്ജ്ഷെയറിലെ വിസ്ബീച്ച് എന്ന സ്ഥലത്താണ് റ്റിൻസിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭർത്താവ്. ഇവർക്ക് രണ്ടു ആൺകുട്ടികളാണുള്ളത്.
ഏറെ അംഗീകാരങ്ങൾ നേടുമ്പോഴും ലോകം അടക്കി ഭരിച്ചിരുന്ന ഇംഗ്ലീഷ് രാജവംശത്തിന്റെ ഇന്നത്തെ അധികാരിയായ ചാൾസ് രാജാവിന്റെയും രാജവംശത്തിന്റെയും ആതിഥേയത്വത്തിൽ ഗാർഡൻ പാർട്ടിയിൽ പങ്കുചേരുവാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുണ്ടെന്നും റ്റിൻസി, ആ കൂടിക്കാഴ്ചയുടെ ഓർമകൾ എന്നും മനസ്സിൽ സൂക്ഷിക്കും എന്നും വികാരഭരിതയായാണ് പറഞ്ഞത്.
പാർക്കിൻസൺ രോഗത്തിന് ശരിയായ ചികിത്സ കണ്ടെത്തുവാൻ മെഡിക്കൽ ശാസ്ത്ര വിഭാഗങ്ങൾക്ക് താമസിയാതെ കഴിയട്ടെയെന്നും റ്റിൻസിയെ പോലെ ആതുരപരിപാലന മേഖലകളിലെ മാലാഖമാർ രോഗികൾക്ക് ഉൾക്കരുത്തും സഹായവും പ്രചോദനമാവട്ടെയെന്നും ആശംസിക്കാം.