വാഴ്വ് 2025ന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമായി
Thursday, May 22, 2025 7:16 AM IST
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമമായ വാഴ്വ് 2025ന്റെ ടിക്കറ്റുകളുടെ വിതരണോദ്ഘാടനം വാൾസാളിൽ നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ടിക്കറ്റുകളുടെ വിതരണ കർമം നിർവഹിച്ചു.
യുകെയിലെ ക്നാനായ മിഷനുകളിലെ ലീജിയൻ ഓഫ് മേരിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ രാവിലെ 10 മണിക്ക് വാൾസാളിൽ സെന്റ് പാട്രിക്ക് പള്ളിയിൽ ജപമാലയോടെ പരിപാടികൾ ആരംഭിച്ചു. 10.30ന് ഫാ. സുനി പടിഞ്ഞാറേക്കര തിരിതെളിച്ച് തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ചു.
ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാർമികത്വത്തിലും, യുകെയിലെ ക്നാനായ മിഷനുകളിലെ വൈദികരുടെ സഹകാർമികത്വത്തിലും കുർബാന അർപ്പിക്കപ്പെട്ടു. ഗീവർഗീസ് മാർ അപ്രേം വചന സന്ദേശം നൽകി. തുടർന്ന് വാഴ്വ് 2025ന്റെ ടിക്കറ്റുകളുടെ വിതരണോദ്ഘാടനം നടന്നു. ജനറൽ കൺവീനർ അഭിലാഷ് തോമസ് മൈലപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
ചെയർമാൻ ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി. ഫൈനാൻസ് കമ്മിറ്റി കൺവീനർ റെമി പഴയിടത്ത് സ്പോൺസർമാരെ പരിചയപ്പെടുത്തി. കോട്ടയം അതിരൂപതയുടെ ലീജിയൻ ഓഫ് മേരിയുടെ കമ്മിസിയം പ്രസിഡന്റ് ലതാ മാക്കിൽ, കെസിസി വർക്കിംഗ് കമ്മിറ്റി മെമ്പർ മത്തായി നന്ദികാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. ജോയിന്റ് കൺവീനർ സജി രാമച്ചനാട്ട് നന്ദി പ്രകാശിപ്പിച്ചു. ഈ വർഷത്തെ വാഴ്വ് ഒക്ടോബർ നാലിന് ബർമിംഹാം ബെഥേൽ കൺവൻഷൻ സെൻട്രലിൽ വച്ചു നടത്തപ്പെടും.