യുക്മ കേരളപൂരം വള്ളംകളി; ടീം രജിസ്ട്രേഷന് തുടക്കം
കുര്യൻ ജോർജ്
Thursday, May 22, 2025 6:28 AM IST
ലണ്ടൻ: യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കേരളാ പൂരം 2025 നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായുള്ള ടീമുകളുടെ രജിസ്ട്രേഷന് തുടക്കമായി.
അപേക്ഷകൾ സ്വീകരിക്കുന്ന സമയപരിധി ജൂൺ 7 ആണെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. പുരുഷ, വനിതാ ടീമുകൾ സമയപരിധിക്ക് മുൻപ് തന്നെ രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് 30നാണ് മത്സരം.
അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി യുക്മ കേരളപൂരം വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കിയിരുന്നു.
2018, 2019, 2022, 2023,2024 വർഷങ്ങളിലും വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു. 2024 ലെ ആറാമത് വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻഎംസിഎ ബോട്ട് ക്ലബ് നോട്ടിംഗ്ഹാമിന്റെ കിടങ്ങറയാണ് ജേതാക്കളായത്.
ഇത്തവണ പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്.വള്ളംകളി മത്സരത്തിന്റെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി ഇത്തവണ 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും.
പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ബോട്ട് റേസ് ടീം മാനേജ്മെന്റ് & ട്രെയിനിംഗ് വിഭാഗത്തില്‍ ചുമതല ഏൽപിച്ചിരിക്കുന്നത്. ഡിക്സ് ജോർജ്, ജോർജ് തോമസ്, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദാംശങ്ങൾ∙ ഓരോ ബോട്ട് ക്ലബുകള്‍ക്കും 20 അംഗ ടീമുകളെ രജിസ്റ്റര്‍ ചെയ്യാം.
പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാം.∙ കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെ വേണം മത്സരങ്ങള്‍ക്ക് ഉപയോഗിക്കാൻ. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്.∙ ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേര് പകരക്കാരായിരിക്കും.
ടീം അംഗങ്ങളെല്ലാം മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷവനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബുകള്‍ സ്ഥലപ്പേര് ഉൾപ്പെട്ടതോ അസോസിയേഷന്, ക്ലബ് എന്നിവയുടെയോ ബിസിനസ് സ്ഥാപനങ്ങളുടെയോ പേരോട് കൂടിയതോ ആകാം. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കണം. കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാകണം. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാം.
പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേര് തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേര് തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ടും കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ടും ആയിരിക്കും. ബ്രിട്ടനില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം റജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്. വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കും.
ടീം റജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: ഡിക്സ് ജോർജ്ജ് (07403312250), ജോർജ്ജ് തോമസ്സ് (07903426018), ജേക്കബ്ബ് കോയിപ്പള്ളി (07402935193). യുക്മ കേരളാപൂരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡന്റ്) : 07702862186, ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി): 07403223066 എന്നിവരെ ബന്ധപ്പെടണം