ഇയു കമ്മീഷന് പ്രസിഡന്റുമായും ഇറ്റലി പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ജെ.ഡി. വാന്‍സ്
ജോസ് കുമ്പിളുവേലില്‍
Wednesday, May 21, 2025 12:17 PM IST
റോം: യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്.
റോമിലെ ചിഗി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിൽ ഇയു - യുഎസ് വ്യാപാരത്തെക്കുറിച്ച് ചര്‍ച്ച നടന്നു. ട്രംപ് അധികാരമേറ്റതിനുശേഷം യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നേതാക്കളുടെ ചര്‍ച്ച.
ട്രംപിന്റെ താരിഫുകളുടെ പശ്ചാത്തലത്തില്‍ അടുത്തിടെയുണ്ടായ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും യൂറോപ്പ് ഒരു പ്രധാന സഖ്യകക്ഷിയായി തുടരുന്നുവെന്ന് ജെ.ഡി. വാന്‍സ് പറഞ്ഞു.
സ്റ്റീല്‍, അലുമിനിയം, കാറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് 25 ശതമാനം താരിഫ്, മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ "സാര്‍വത്രിക' അടിസ്ഥാന 10 ശതമാനം താരിഫ് എന്നിവ ഉള്‍പ്പെടെ നിരവധി ഇറക്കുമതി നികുതികള്‍ ട്രംപ് ഭരണകൂടം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച 90 ദിവസത്തെ ഇടവേളയില്‍ വ്യാപാര ചര്‍ച്ചകള്‍ ഒരു കരാര്‍ നല്കുന്നില്ലെങ്കില് യൂറോപ്യന്‍ യൂണിയന് 20 ശതമാനം "പരസ്പര' താരിഫ് നേരിടേണ്ടിവരും.