വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ പുരസ്കാരസമര്‍പ്പണം പ്രൗഢഗംഭീരമായി
ജോസ് കുമ്പിളുവേലില്‍
Wednesday, May 14, 2025 11:01 AM IST
മാഞ്ചസ്റ്റര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ സമ്മേളനം യുകെയിലെ മാഞ്ചസ്റ്ററിനടുത്തുള്ള സ്റ്റോക്ഓണ്ട്രെന്ഡിലെ സ്റ്റോണ്‍ ക്രൗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മേയ് 2, 3, 4 തീയതികളില്‍ നടത്തി.
ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍ എസ്. ശ്രീകുമാറിന് (യുകെ) സോഷ്യല്‍ മീഡിയ അവാര്‍ഡും ഇംഗ്ലണ്ടിലെ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുവാന്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സാമൂഹ്യ പ്രവര്ത്തകന് റോയി ജോസഫ് മാന്‍വെട്ടത്തിന് (യുകെ) സാമൂഹ്യ പ്രതിബദ്ധത അവാര്‍ഡും നല്കി.
കലാ, സാംസ്കാരിക, നടക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് രാജു കുന്നക്കാട്ട് (അയര്‍ലൻഡ്), യൂറോപ്പിലെ മാധ്യമരംഗത്തെ ശ്രദ്ധേയമായകാൽനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിന്റെയും, സംഗീത ആല്‍ബ രചനകളില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അവാര്‍ഡും ജോസ് കുമ്പിളുവേലില്‍ (ജര്‍മനി) എന്നിവരും ഏറ്റുവാങ്ങി.
അവാര്‍ഡ് ജേതാക്കളായ നാലുപേരെയും ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഷൈബു ജോസഫ്, സാം ഡേവിഡ് മാത്യു എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
അവാര്‍ഡ് സ്വീകരിച്ചു നാലു പേരും നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രവാസിസമൂഹത്തില്‍ എല്ലാവര്ക്കും അവരവരുടേതായ പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉയര്‍ച്ചയെ ലക്ഷ്യമാക്കുന്നതായിരിക്കണം എന്നു അഭ്യര്‍ഥിച്ചു.



ഗ്ലോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി(വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്മാന്), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഡോ.ജിമ്മി മൊയലന് (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്),
സെബിന് പാലാട്ടി(യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), സെബാസ്റ്റ്യന്‍ ജോസഫ് (യുകെ പ്രൊവിന്‍സ് ചെയര്മാന്), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി), ലതീഷ്രാജ് (യുകെ നോര്ത്ത്വെസ്റ്റ് പ്രൊവിന്‍സ്, ചെയര്മാന്)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സമ്മേളനത്തില്‍ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയര്മാന് ചെയര്മാന് ജോളി തടത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതവും സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു അവതാരകനായിരുന്നു.