ചരിത്രത്തിലേക്ക് പറന്ന് ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റ് സാന്ദ്ര ജെന്സണ്
അപ്പച്ചന് കണ്ണഞ്ചിറ
Wednesday, May 7, 2025 3:35 PM IST
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്സണ് ബ്രിട്ടനില്‍ പുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റായി കേരളത്തിന് അഭിമാനമാവുന്നു.
21-ാം വയസില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23-ലേക്ക് എത്തുമ്പോഴേക്കും എ320യില്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള "ജസീറ എയര്‍വേസില്‍' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്സണ് എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. മാതാപിതാക്കളോടൊപ്പം രണ്ടാം വയസിലാണ് യുകെയിലെത്തിയത്.
തന്റെ "എ'ലെവല്‍ പഠന കാലത്ത് വര്‍ക്ക് എക്സ്പീരിയന്‍സ് നേടുന്നതിന് വ്യത്യസ്ത മേഖല എന്ന നിലയില്‍ തെരഞ്ഞെടുത്ത "എയര്‍ ട്രാഫിക് കണ്ട്രോളര്' എന്ന ഹ്രസ്വപരിശീലനത്തിന് ഒടുവിലാണ് ആകാശ പറക്കല്‍ എന്ന സ്വപ്നം മൊട്ടിട്ടതെന്ന് സാന്ദ്ര പറയുന്നു.

അങ്ങിനെ മനസിലേക്ക് കയറിവന്ന ആകാശത്തോടുള്ള ആവേശം, പിന്നീട് പൈലറ്റാകാനുള്ള അവരുടെ അഭിലാഷത്തിന് ഇന്ധനമായി മാറുകയായിരുന്നു. മാതാപിതാക്കളുടെ ഭാഗത്തു നിന്നും കിട്ടിയ സപ്പോര്‍ട്ടാണ് മോഹത്തിന് ചിറകുവച്ചതെന്ന് സാന്ദ്ര പറയുന്നു.
ഓണ്‍ലൈനായി "ബിഎസ്സി ഇന്‍ പ്രൊഫഷണല്‍ പൈലറ്റ് പ്രാക്ടീസ്' ഡിഗ്രി കോഴ്സിന് സാന്ദ്ര സമാന്തരമായി പഠിക്കുന്നുമുണ്ട്. ഇതര രാജ്യങ്ങളെപ്പോലെ എൻജിനിയറിംഗ് ബിരുദമോ, സയന്‍സോ, കണക്കോ സമാന വിഷയങ്ങളോ ഐശ്ചികമായി പഠിച്ചുവെന്നതോ മാനദണ്ഡങ്ങള്‍ ആയി ഇവിടെ പരിഗണിക്കാറില്ല.
പക്ഷെ പഠിക്കുവാനും മനസിലാക്കുവാനുമുള്ള കഴിവും ദ്രുതഗതിയില്‍ ഓര്‍മിച്ചു കൃത്യതയോടെ പ്രവര്‍ത്തിക്കുവാനുള്ള കഴിവും പ്രാപ്തിയുമാണ് പ്രധാനമായി പരിഗണിക്കുക.

സാന്ദ്രയുടെ പിതാവ് ജെന്സണ് പോള്‍ ചേപ്പാല ഒക്കല്‍ കേംബ്രിഡ്ജില്‍ "അച്ചായന്‍സ് ചോയ്സ് ' എന്ന പേരില്‍ ഏഷ്യന്‍ ഗ്രോസറി ഉത്പന്നങ്ങളുടെയും മീറ്റ് - ഫിഷ് എന്നിവയുടെയും ട്രേഡിംഗ് ബിസിനസ് നടത്തുന്നു.
സാന്ദ്രയുടെ മാതാവ് ഷിജി ജെന്സണ് അഡന്‍ബ്രൂക്ക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെന്സണ് ഗ്യാസ് ഇന്‍ഡസ്ട്രി അനലിസ്റ്റും ഇളയ സഹോദരന് ജോസഫ്, കേംബ്രിഡ്ജില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.