ഫ്രെഡറിക് മേർട്സ് ജര്‍മൻ ചാന്‍സലറായി അധികാരമേറ്റു
ജോസ് കുമ്പിളുവേലിൽ
Thursday, May 8, 2025 3:27 PM IST
ബര്‍ലിന്‍: ജർമനിയുടെ പുതിയ ഫെഡറല്‍ ചാന്‍സലറായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രെഡറിക് മേർട്സ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സ്ഥാനമേറ്റു. പാര്‍ലമെന്റ് പ്രസിഡന്റ്/സ്പീക്കര്‍ ജൂലിയ ഗ്ളോക്ക്നറുടെ മുൻപാകെയാണ് എല്ലാവരും സത്യപതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ജര്‍മന്‍ ഭരണഘടനയുടെ 63-ാം വകുപ്പ് സെക്ഷന്‍2 പ്രകാരം പാര്‍ലമെന്റില്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട് സ്ഥാനം ഏറ്റെടുക്കുന്നതായി സ്പീക്കര്‍ മുമ്പാകെ അറിയിച്ചശേഷം മേർട്സ് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്മയറുടെ ബര്‍ലിനിലെ ഓഫീസിലെത്തി നിന്നും നിയമന ഉത്തരവു വാങ്ങിയാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്.
സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരെ നയമിച്ചുകൊണ്ടുള്ള ഉത്തരവും പ്രസിഡന്റ് കൈമാറി. ആദ്യം, മേർട്സ് ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം നാല് മന്ത്രിമാര്‍ ഒഴികെ എല്ലാവരും ദൈവനാമത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്ത്.
അടുത്ത നാല് വര്‍ഷത്തേക്ക്, സിഡിയു, സിഎസ്യു, എസ്പിഡി എന്നിവയുടെ സഖ്യമായിരിക്കും ജർമനി ഭരിക്കുക. സിഡിയുവിനും എസ്പിഡിക്കും ഏഴ് മന്ത്രിമാര്‍ വീതവും സിഎസ്യുവിന് മൂന്ന് മന്ത്രിമാരുമുണ്ട്. സിഡിയു നിയോഗിച്ച മന്ത്രിമാരില്‍ ഒരാള്‍ പാര്‍ട്ടി അംഗം പോലുമല്ല.


പുതിയ ഫെഡറല്‍ ഗവണ്മെന്റിലെ മന്ത്രിമാർ:
∙ ലാര്‍സ് ക്ലിംഗ്ബെയ്ല്‍ (എസ്പിഡി), ഫെഡറല്‍ ധനകാര്യ മന്ത്രി, വൈസ് ചാന്‍സലര്‍, ∙ ബാര്‍ബല്‍ ബാസ് (എസ്പിഡി), ഫെഡറല്‍ തൊഴില്‍, സാമൂഹിക കാര്യ മന്ത്രി, ∙ ബോറിസ് പിസ്റേറാറിയസ് (എസ്പിഡി), ഫെഡറല്‍ പ്രതിരോധ മന്ത്രി, ∙ വെറീന ഹുബെര്ട്സ് (എസ്പിഡി), ഭവന, നഗരവികസന, നിര്‍മ്മാണ വകുപ്പുകളുടെ ഫെഡറല്‍ മന്ത്രി
∙ ഡോ. സ്റ്റെഫാനി ഹുബിഗ് (എസ്പിഡി), ഫെഡറല്‍ നീതിന്യായ, ഉപഭോക്തൃ സംരക്ഷണ മന്ത്രി, ∙ റീം അലബാലി-റഡോവന്‍ (എസ്പിഡി), സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള ഫെഡറല്‍ മന്ത്രി, ∙ കാര്‍സ്റ്റണ്‍ ഷ്നൈഡര്‍ (എസ്പിഡി), പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ എന്നിവയുടെ ഫെഡറല്‍ മന്ത്രി
∙ ജോഹാന്‍ വാഡെഫുള്‍ (സിഡിയു), ഫെഡറല്‍ വിദേശകാര്യ മന്ത്രി, ∙ തോര്‍സ്റ്റണ്‍ ഫ്രെയ് (സിഡിയു), ഫെഡറല്‍ പ്രത്യേകകാര്യ മന്ത്രിയും ഫെഡറല്‍ ചാന്‍സലറി മേധാവി,∙ കരിന്‍ പ്രിയന് (സിഡിയു), വിദ്യാഭ്യാസം, കുടുംബം, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവയുടെ ഫെഡറല്‍ മന്ത്രി,
∙ കാതറീന റൈഷ് (സിഡിയു), സാമ്പത്തിക കാര്യങ്ങളുടെയും ഊര്‍ജത്തിന്റെയും ഫെഡറല്‍ മന്ത്രി, ∙ പാട്രിക് ഷ്നൈഡര്‍ (സിഡിയു), ഫെഡറല്‍ ഗതാഗത മന്ത്രി, ∙ നീന വാര്കെന് (സിഡിയു), ഫെഡറല്‍ ആരോഗ്യ മന്ത്രി, ∙ ഡോ. കാര്‍സ്റ്റണ്‍ വൈല്ഡ്ബെര്ഗര് (സ്വതന്ത്രന്), ഡിജിറ്റല്‍, സംസ്ഥാന ആധുനികവത്കരണത്തിനുള്ള ഫെഡറല്‍ മന്ത്രി
∙ അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് (സിഎസ്യു), ഫെഡറല്‍ ആഭ്യന്തര മന്ത്രി, ∙ ഡൊറോത്തി ബാര്‍ (സിഎസ്യു), ഫെഡറല്‍ ഗവേഷണ, സാങ്കേതികവിദ്യ, ബഹിരാകാശ മന്ത്രി, ∙ അലോയിസ് റെയ്നര്‍ (സിഎസ്യു), ഭക്ഷ്യ, കൃഷി, ആഭ്യന്തര വകുപ്പുകളുടെ ഫെഡറല്‍ മന്ത്രി.