മലയാളി പ്രതിഭകളെ ക്രാന്തി അയർലൻഡ് ആദരിച്ചു
ജയ്സൺ കിഴക്കയിൽ
Tuesday, May 6, 2025 12:04 AM IST
ഡബ്ലിൻ: അയർലൻഡിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. റോഷൻ വാവള്ളിൽ കുര്യാക്കോസ്, എയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി, ഫെബിൻ മനോജ് എന്നിവരെയാണ് ക്രാന്തി അയർലൻഡ് ആദരിച്ചത്.
കിൽക്കെനിയിലെ ഒ ലൗഗ്ലിൻ ഗെയിൽ ജിഎഎ ക്ലബിൽ സംഘടിപ്പിച്ച ക്രാന്തിയുടെ മേയ്ദിന പരിപാടിയുടെ ഭാഗമായിട്ടാണ് പ്രതിഭകൾക്ക് ആദരവ് നൽകിയത്. കേരള സംസ്ഥാന തദ്ദേശസ്വയംഭരണ, എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി.

ഇവരുടെ കഠിനാദ്ധ്വാനവും സമർപ്പണവും അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഇവർക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.
2024 നവംബർ 23ന് ബോസ്റ്റനിൽ നടന്ന വേൾഡ് നാച്ചുറൽ ബോഡി ബിൽഡിംഗ് ഫെഡറേഷൻ (WNBF) നാച്ചുറൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് റോഷൻ കുര്യാക്കോസ് അയർലൻഡ് മലയാളികൾക്ക് അഭിമാനമായത്.

വാട്ടർഫോർഡിലെ ട്രാമോറിൽ നിന്നുള്ള റോഷൻ ക്ലിനിക്കൽ നഴ്സ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ: ജോബി സ്കറിയ, മക്കൾ: യോഹാൻ റോഷൻ, റിയാന റോഷൻ. കഠിനാധ്വാനവും അചഞ്ചലമായ അർപ്പണബോധവുമാണ് റോഷന്റെ ഗംഭീര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
പുരസ്കാരത്തിന് അർഹരായ എയ്ഞ്ചൽ ബോബിയും എയ്ഡൻ ബോബിയും ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ സഹോദരങ്ങളാണ്. എയ്ഞ്ചൽ ആറാം ക്ലാസിലും ഏയ്ഡൻ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഐറിഷ് ചെസ് യൂണിയൻ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2025ൽ ഏഞ്ചൽ ബോബിയും ഏയ്ഡൻ ബോബിയും ചരിത്രപരമായ നേട്ടം കൈവരിച്ചു. അണ്ടർ 12 ഗേൾസ് വിഭാഗത്തിൽ ഏഞ്ചൽ ബോബി ചാമ്പ്യൻ പട്ടം ചൂടി. അതേസമയം, അണ്ടർ 10 വിഭാഗത്തിൽ ഏയ്ഡൻ ബോബി മികച്ച പ്രകടനം കാഴ്ചവച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അയർലൻഡ് അണ്ടർ19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം ഫെബിൻ മനോജാണ് പുരസ്കാരത്തിന് അർഹനായ മറ്റൊരു വ്യക്തി. Hills ക്ലബിന്റെയും ലൈൻസ്റ്റർ അണ്ടർ 17 ടീമിന്റെയും മികച്ച താരമായിരുന്ന ഫെബിൻ സിംബാബ്വെക്കെതിരായ മത്സരങ്ങളിലും തന്റെ മികവ് തെളിയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ 4 വിക്കറ്റുകൾ സ്വന്തമാക്കി ടീമിൽ ശ്രദ്ധേയനായി. കില്ഡെയർ കൗണ്ടിയിലെ അത്തായിലുള്ള മനോജ് ജോണിന്റെയും ബീന വർഗീസിന്റെയും മകനാണ് ഫെബിൻ. നേഹ മനോജ് സഹോദരിയാണ്.
അയർലൻഡിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ ഇവർക്ക് കൂടുതൽ വിജയങ്ങൾ നേടാൻ സാധിക്കട്ടെ എന്നും ക്രാന്തി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ആശംസിച്ചു.