കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കം
ജോർജ് എടത്വ
Saturday, May 3, 2025 3:19 PM IST
നോട്ടിംഗംഷയർ: മാൻസ്ഫീൽഡും ആഷ്ഫീൽഡും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മലയാളി സമൂഹമൊരുമിച്ചു പുതിയ സംഘടനയ്ക്ക് തുടക്കം കുറിച്ചു. കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കെകെഎഎസ്സി) എന്നാണ് സംഘടനയുടെ പേര്.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഐക്യവും ആരോഗ്യമുള്ള ജീവിതശൈലിയെയും സാമൂഹിക ഉത്തരവാദിത്തത്തെയും പ്രോത്സാഹിപ്പിക്കുന്ന സമൂഹ സംഘടന എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് രൂപം കൊണ്ടിട്ടുള്ളത്.
കേരളീയ കുടിയേറ്റ സമൂഹത്തെയും അതോടൊപ്പം പ്രാദേശിക സമൂഹത്തെയും കെകെഎഎസ്സി സ്വാഗതം ചെയ്യുന്നു.

പാരമ്പര്യങ്ങൾ, ശാരീരിക ആരോഗ്യം, സമൂഹ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വഴി യുവജന ശാക്തീകരണത്തെയും സാമൂഹ്യ സേവനത്തെയും കേന്ദ്രവത്കരിച്ച് തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു പാലമായി പ്രവർത്തിക്കുക എന്നിവയാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്.
കെകെഎഎസ്സിയുടെ ആദ്യ സംരംഭമായ കിഡ്സാനിയ (കുട്ടികൾക്കായുള്ള ക്രാഫ്റ്റ്സ്, ബാങ്കിംഗ് ആൻഡ് ഡാൻസ്) വർക്ഷോപ് ഏപ്രിലിൽ നടന്നു. ഇതിന്റെ വൻവിജയത്തിന് ശേഷം, ഈസ്റ്റർ വിഷു റംസാൻ പരിപാടിയും ഏപ്രിൽ 20നു അതിഗംഭീരമായി നടത്തി.
മാൻസ്ഫീൽഡ് ആഷ്ഫീൽഡ് മേഖലയിലെ നിരവധി മലയാളികളുടെ തൊഴിൽ ദാതാവായ കിംഗ്സ്മിൽ എൻഎച്ച്എസ് ഹോസ്പിറ്റലിലെ പെർഫോമൻസ് ഡെവലപ്പ്മെന്റ് മേട്രൺ ആയ ലെസ്ലി വാർഡും ഗവെർണൻസ് ഫെസിലിറ്റേറ്റർ ആയ എമ്മ ബ്രറ്റ്ലിയും ആണ് കലാ കേരളയുടെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തത്.
കലാ കേരളയുടെ പ്രസിഡന്റ് ജിമ്മി അഗസ്റ്റിൻ സെക്രട്ടറി സന മാത്യു, ട്രഷറർ ബിബിൻ കരുണാകരൻ, ലെസ്ലി വാർഡ്, എമ്മ ബ്രറ്റ്ലി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സൂസൻ ജോഷി, ജോയൽ എന്നിവർ ആശംസകളേകി.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ജോഷി സക്കറിയാസ് പാലാ എഴുതി സംവിധാനം ചെയ്ത "നിണമണിഞ്ഞ വഴികൾ' ക്രിസ്തുവിന്റെ ഗാഗുൽത്തായിലേക്കുള്ള യാത്രയുടെ പുനരാഖ്യാനം എന്നിവ പരിപാടിക്ക് വർണപകിട്ടേകി .
വിഭവസമൃദ്ധമായ വിരുന്നോടുകൂടി കലാകേരളയുടെ ആദ്യപ്രോഗ്രാം സമാപിച്ചു.