യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ
അനിൽ ഹരി
Sunday, May 4, 2025 10:39 PM IST
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആണ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ജൂൺ 21 തീയതി ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ വച്ചാണ് യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം യുക്മ നോർത്ത് വെസ്റ്റ് റീജണൽ കമ്മിറ്റി അറിയിച്ചു. വിവിധ പ്രായപരിധികളിലുള്ളവർക്കായി വ്യത്യസ്ത കായികമത്സരങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽ വരും ദിവസങ്ങളിൽ ലഭ്യമാകും.റീജണൽ മത്സരങ്ങളിൽ വിജയിക്കുന്ന കായികതാരങ്ങൾക്ക് ജൂൺ 28ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്.
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള നോർത്ത് വെസ്റ്റ് റീജണിലെ അംഗ അസോസിയേഷനുകളിലെ കായികതാരങ്ങൾ അതത് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജൺ പ്രസിഡന്‍റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയി മാത്യു എന്നിവർ അറിയിച്ചു.