ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഈസ്റ്റര്‍,വിഷു ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ജോസ് കുമ്പിളുവേലില്‍
Tuesday, May 6, 2025 12:25 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ 26 ന് വൈകുന്നേരം നാലുമണിക്ക് വിവിധ കലാപരിപാടികളോടെ സാല്‍ബൗ ടിറ്റൂസ് ഫോറത്തില്‍ അരങ്ങേറി.
കേരള സമാജം പ്രസിഡന്റ് ഡിപിന് പോള്‍, ഈസ്ററര്, വിഷു, ഈദ് ആഘോഷങ്ങളുടെ പ്രസക്തിയും പ്രാധാന്യവും നന്മയും വിശദീകരിച്ചുകൊണ്ട് ആഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.

വിവിധ കലാപരിപാടികളായ സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം, കുച്ചിപ്പുടി, എന്നിവക്ക് പുറമെ, സമാജത്തിന്റെ നേത്യത്വത്തില്‍ തലമുറകളുടെ അന്തരത്തെ ആസ്പദമാക്കിയുള്ള ലഘുനാടകവും, യുവതീയുവാക്കളുടെ ഡാന്‍സ് ഡ്രാമയും അവതരണത്തില്‍ മികവു പുലര്‍ത്തി. കേരള സമാജത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിലെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച അക്ഷരമാലയെ ആസ്പദമാക്കിയുള്ള ഗാനം എവയെും ആകര്‍ഷിച്ചു.
120 ലധികം ആര്‍ട്ടിസ്റ്റുകളാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്. ലക്കി ഡ്രോയുടെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്കി. കേരളത്തനിമയുള്ള അത്താഴവിരുന്നും പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു. സമാജം സെക്രട്ടറി നന്ദി പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ ഏശദേശം രാത്രി 9 മണിക്ക് ആഘോഷങ്ങള്‍ സമാപിച്ചു. സെക്രട്ടറി ഹരീഷ് പിള്ള, കമ്മിറ്റി മെമ്പര്‍ അജു സാം എന്നിവര്‍ പരിപാടികളുടെ അവതാരകരായി.
ആഘോഷത്തില്‍ ഏതാണ്ട് നാനൂറ്റി ഇരുപത്തഞ്ചിലധികം ആളുകള്‍ പങ്കെടുത്തു. പുതുതായി ജര്‍മനിയിലെത്തിയ യുവാക്കളായ മലയാളികള്‍ക്ക് ആഘോഷം ഏറെ ആസ്വാദ്യകരമായി. ധാരാളം സീനിയര്‍ അംഗങ്ങളുടെ പ്രാതിനിധ്യം എല്ലാവര്ക്കും ഏറെ പ്രചോദനമായി.

പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഡിപിന് പോള്‍ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേല്‍ (ട്രഷറര്‍), കമ്മറ്റി അംഗങ്ങളായ റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.