ഫ്രെഡറിക് മേർട്സ് ജർമൻ ചാൻസലർ
ജോസ് കുമ്പിളുവേലി
Wednesday, May 7, 2025 11:43 AM IST
ബർലിൻ: ജർമൻ ചാൻസലറായി സിഡിയു നേതാവ് ഫ്രെഡറിക് മേർട്സ് തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയ മേർട്സ് രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് വിജയിച്ചത്.
ആകെയുള്ള 630 വോട്ടുകളിൽ 325 വോട്ടുകൾ നേടിയാണ് മേർട്സിന്റെ വിജയം. 316 വോട്ടുകളാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. ജർമനിയുടെ പത്താമത് ചാൻസലറായി മേർട്സ് അടുത്ത ദിവസം സ്ഥാനമേൽക്കും.
ആദ്യ ഘട്ട വോട്ടെടുപ്പിൽ ആറ് വോട്ടിന്റെ അപ്രതീക്ഷിത പരാജയമാണുണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ചാൻസലർ സ്ഥാനാർഥി ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടിട്ടില്ല.
സുഗമമായി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മേർട്സിന്റെ പരാജയം അപ്രതീക്ഷിതമായി. ഇതോടെ ജർമൻ ഓഹരിവിപണിയും ഇടിഞ്ഞു. ജർമൻ കമ്പനികളുടെ സൂചിക 1.8 ശതമാനമാണ് ഇടിഞ്ഞത്.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി വൈകിയായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ്. 630 വോട്ടുകളിൽ 316 വോട്ടുകളുടെ ഭൂരിപക്ഷമാണ് മേർട്സിന് ആവശ്യമായിരുന്നത്. ആദ്യഘട്ടത്തിൽ 310 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
മെർട്സിന്റെ മുന്നണിക്ക് പാർലമെന്റിൽ 328 സീറ്റുകളാണുള്ളത്. ചാൻസലർ തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയായതിനാൽ ആരാണ് കൂറുമാറിയതെന്ന് അറിയാൻ കഴിയില്ല.
മേർട്സിന്റെ പാർട്ടിയായ മധ്യ-വലതുപക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും ക്രിസ്ത്യൻ സോഷ്യൽ യൂണിയനും ചേർന്നുള്ള സഖ്യത്തെ നിലവിലെ ചാൻസലർ ഒലാഫ് ഷൊൾസിന്റെ പാർട്ടിയായ മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റും പിന്തുണയ്ക്കുന്നുണ്ട്.
പുതിയ ചാൻസലറെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണ്. യുക്രെയ്ൻ യുദ്ധവും ജർമനിയുടെ സാമ്പത്തിക മാന്ദ്യവുമാണ് അതിൽ പ്രധാനപ്പെട്ടത്. തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാർട്ടിയുടെ വളർച്ചയാണ് മറ്റൊരു ആഭ്യന്തര പ്രശ്നം.
ഇതിനു പുറമേ ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയവും പുതിയ ചാൻസലർക്ക് വെല്ലുവിളിയാകും.