രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരേ കർശന നടപടികളുമായി ജര്‍മനി
ജോസ് കുമ്പിളുവേലിൽ
Friday, May 9, 2025 3:31 PM IST
ബെര്‍ലിന്‍: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുന്പോൾ ജര്‍മന്‍ ആഭ്യന്തരമന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് കര്‍ശനമായ ഉത്തരവുകളാണ് നടപ്പിലാക്കിയത്. പുതിയ ഉത്തരവനുസരിച്ച് എല്ലാ അതിര്‍ത്തികളിലും അഭയം തേടിയെത്തുന്നവരെ തടയുന്നത് ശക്തമാക്കി.
ഇതിനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനമാണിത്. എല്ലാ കുടിയേറ്റക്കാരെയും ജര്‍മന്‍ കര അതിര്‍ത്തികളിലൂടെ നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിമുതൽ കർശനമായി തടയും.
അതിര്‍ത്തി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും നിയമവിരുദ്ധ എന്‍ട്രികള്‍ നിരസിക്കുന്നത് വര്‍ധിപ്പിക്കാനും ഡോബ്രിന്‍ഡ് ഫെഡറല്‍ പോലീസിന് നിര്‍ദേശം നല്കി.
നിലവിലുള്ള 11,000 ഓഫീസര്‍മാര്‍ക്കു പുറമെ 2,000 മുതല്‍ 3,000 വരെ ഓഫീസര്‍മാരെ കൂടി ഉള്‍പ്പെടുത്തി സുരക്ഷ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. ഏകദേശം 4,000 കിലോമീറ്റര്‍ നീളമുള്ള ബാഹ്യ അതിര്‍ത്തിയിലെ സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ അവരെ ചുമതലപ്പെടുത്തി.