കുടിയേറ്റത്തിനു കുരുക്കിട്ട് ബ്രിട്ടൻ
ഷൈമോൻ തോട്ടുങ്കൽ
Wednesday, May 14, 2025 10:15 AM IST
ലണ്ടന്‍: മലയാളികളടക്കം ഏറെ ആശ്രയിക്കുന്ന കെയറര്‍ വീസ നിയന്ത്രണം ഉൾപ്പെടെ കുടിയേറ്റത്തിന് കര്‍ശനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനുള്ള സമഗ്ര പദ്ധതിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. 2020 മുതല്‍ വിദേശ റിക്രൂട്ട്മെന്റിലെ വന്‍ വര്‍ധനവ് കാരണം രാജ്യത്തേക്കുള്ള കുടിയേറ്റം നാലിരട്ടിയായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിന് ഒരുങ്ങുന്നത്.
ഇതോടെ മുന്‍പുണ്ടായിരുന്ന പല നിയന്ത്രണങ്ങളും മടങ്ങിയെത്തും. ബിരുദ തലത്തിലുള്ളവര്‍ക്കു മാത്രമേ ഇനി യുകെയിലേക്ക് കുടിയേറ്റം സാധ്യമാകൂ എന്ന തരത്തിലാണ് നിയമം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിച്ച 82 പേജുള്ള ധവളപത്രത്തിലൂടെയാണ് സമഗ്ര പരിഷ്കരണം സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിട്ടത്.
അനിയന്ത്രിത കുടിയേറ്റത്തിന് കടിഞ്ഞാണിടുമെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം നിറവേറ്റുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. തൊഴിലാളികൾക്കും അവരുടെ പങ്കാളികൾക്കും ഇംഗ്ലീഷ് പരിജ്ഞാനം കര്‍ക്കശമാക്കുന്നതാണ് പ്രഖ്യാപനങ്ങളില്‍ ഏറ്റവും സുപ്രധാനം.
ഇതുവഴി കെയറര്‍ വീസയില്‍ യുകെയിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. 2028 വരെ പുതിയ സോഷ്യല്‍ കെയര്‍ വീസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലുള്ളവരെ ഉപാധികളോടെ തുടരാന്‍ അനുവദിക്കും.
പെര്‍മനന്റ് റെസിഡെന്‍സിക്ക് അപേക്ഷിക്കുന്നതിനുള്ള കാലാവധി 10 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ ഇത് അഞ്ചു വര്‍ഷമായിരുന്നു. യുകെയിലേക്ക് വരുന്ന കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി സ്കില്‍ഡ് വീസ പരിധി RQF6 (ഗ്രാജുവേറ്റ് ലെവല്‍) ആയി ഉയര്‍ത്തുന്നതാണ് മറ്റൊരു മാറ്റം. ഈ വീസ ലഭിക്കണമെങ്കില്‍ നിര്‍ദിഷ്ട ശമ്പളവും നിശ്ചയിക്കും.
ഈ നിലവാരത്തിന് താഴെയുള്ള തൊഴിലുകള്‍ക്ക്, ഇമിഗ്രേഷന്‍ സംവിധാനത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി സമയബന്ധിതമായിരിക്കും. ഈ വിഭാഗത്തില്‍ തൊഴിലാളികളുടെ എണ്ണം കുറവാണെന്ന് തെളിയിച്ച ശേഷം മാത്രമായിരിക്കും വീസ അനുവദിക്കുക. തദ്ദേശിയരെ പരമാവധി ജോലികളില്‍ നിയമിക്കുന്നതിനു വേണ്ടിയുള്ള നീക്കമാണിത്. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് പുതുക്കും.
തൊഴിലുടമകള്‍ വിടവുകള്‍ നികത്താന്‍ കുടിയേറ്റത്തിലേക്ക് തിരിയുന്നതിനുപകരം പ്രാദേശിക തലത്തില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുള്ള ദേശീയ സമീപനം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, ബ്രിട്ടന്റെ അതിര്‍ത്തികളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുക, സമ്പദ്വ്യവസ്ഥ ഉത്തേജിപ്പിക്കുക തുടങ്ങിയവയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമ്പോഴും ഐടി അടക്കമുള്ള പ്രഫഷണലുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പരസ്യമായി സ്വീകരിക്കുന്ന റിഫോം പാര്‍ട്ടി ശക്തമാകുന്നതാണ് പരമ്പരാഗതമായി കുടിയേറ്റത്തിന് അനുകൂലമായ ലേബര്‍ പാര്‍ട്ടിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
കുടിയേറ്റക്കാരുടെ ബാഹുല്യം തദ്ദേശിയരെ അസ്വസ്ഥരാക്കിയിരുന്നു. ചിലയിടങ്ങളില്‍ പരസ്പരമുള്ള ഏറ്റമുട്ടലിലേക്കുവരെ കാര്യങ്ങള്‍ എത്തിയതോടെയാണ് ഈ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.