ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാര്‍ഡ് കരസ്ഥമാക്കി ഡോ. ജീഷ് ജോര്‍ജ്
അപ്പച്ചന് കണ്ണഞ്ചിറ
Wednesday, May 14, 2025 11:18 AM IST
ലണ്ടന്‍: ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി ഡോ. ജീഷ് ജോര്‍ജ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലമെന്റ് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ഇന്റര്‍നാഷണല്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് ഉച്ചകോടിയില്‍ നിന്നുമാണ് ഉന്നത അംഗീകാരം ഡോക്ടറെ തേടിയെത്തിയത്.
നിരവധി ദേശീയ - അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുള്ള സംരംഭകനും വിദ്യാഭ്യാസ - ആരോഗ്യ - ജീവകാരുണ്യ മേഖലകളിലെ കര്‍മനിരതനുമാണ് ഡോ.ജീഷ് ജോര്‍ജ് (ഡോ.കിരണ്‍). ആഗോള രാഷ്ട്രീയ, ബിസിനസ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, നവീന കണ്ടുപിടിത്തങ്ങള്‍, സാമ്പത്തിക സഹകരണത്വം എന്നിവയെക്കുറിച്ച് ഗഹനമായ ചര്‍ച്ചകൾ നടന്ന ഉച്ചകോടിയില്‍ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റ് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ രണ്ടു പതിറ്റാണ്ടോളമായി അംഗമായി തുടരുന്ന ദി ബാരോനെസ്, സാന്‍ഡി വര്‍മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍, ആഗോളതലത്തില്‍ പ്രശസ്തവും യുകെയിലെ പ്രമുഖ കമ്പനിയുമായ യുകെ, എംഎസ്ജി ആതിഥേയത്വം വഹിച്ചു.
ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ക്ക് നെറ്റ് വര്‍ക്കിംഗും അറിവ് കൈമാറ്റവും നേടാന്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പ്രോഗ്രാം ക്രമീകരിച്ചിരുന്നത്. യുകെ, എംഎസ്ജി സംഘടിപ്പിച്ച 54-ാമത് അന്താരാഷ്ട്ര ഉച്ചകോടിയില്‍ വച്ചാണ് അഭിമാനര്‍ഹമായ അംഗീകാരം ഡോക്ടര്‍ക്ക് സമ്മാനിച്ചത്.
ഒമന്യേ റോയല്‍ കിംഗ്ഡം ഓഫ് ഘാനയുടെ "ഹേര്‍ റോയല്‍ മജെസ്റ്റി ക്വീന്‍ വിക്കിലീക്സ്റ്റര്‍' ആണ് ഈ അന്താരാഷ്ട്ര അവാര്‍ഡ് വിതരണം ചെയ്തത്. സീഷെല്‍സിന്റെ മുന്‍ ടൂറിസം മന്ത്രിയും ലാലിയന്‍സ് നൂവോ സെസലിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ അലൈന്‍ സെന്റ് ആഞ്ചെ, എംപി ബാരി ഗാര്‍ഡിനര്‍, എംപി മാര്‍ഷ കോര്‍ഡോവ, ലോര്‍ഡ് മൈക്കിള്‍ ഡേവിഡ് കാട്സ്, നിരവധി എംപിമാര്‍,
അബ്ദുള്ള ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ദുബായിയില്‍ നിന്നുമുള്ള ഡോ. ബു അബ്ദുള്ള, ലണ്ടന്‍ മുന്‍ മേയര്‍മാര്‍, കൗണ്‍സിലര്‍ ലൂബ്ന അര്‍ഷാദ്, ഇന്ത്യയില്‍ നിന്നുള്ള ഹിന്ദി ഫിലിം അഭിനേത്രിയും പിന്നണി ഗായികയും വാഗ്മിയും ടിവി അവതാരകയുമായ രാജേശ്വരി അടക്കം നിരവധി പ്രമുഖര്‍ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്തു.



ഡോ.കിരണിന്, സാമൂഹിക സേവനരംഗത്തെ ദീര്‍ഘകാല സമര്‍പ്പണത്തിനും വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങള്‍, പാവപ്പെട്ടവര്‍ക്കായുള്ള സേവനങ്ങള്‍, ധാര്‍മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്തദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളില്‍ കാഴ്ചവച്ച കാരുണ്യ പദ്ധതികള്‍ക്കും മികവിനും നിസ്തുലമായ സേവനങ്ങള്‍ക്കും ഉള്ള അംഗീകാരമായിട്ടാണ് അവാര്‍ഡ് സമ്മാനിക്കപ്പെട്ടത്.
വാഴപ്പള്ളി പരേതനായ കെ.പി. ജോര്‍ജ് - മേരി ജോര്‍ജ് ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. ഹണി കിരണ്‍. മകന് അവിന്. വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ആരോഗ്യ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനായി നിരവധി കോണ്‍ഫറന്‍സുകളും വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ ഡോക്ടര്‍ സമയം കണ്ടെത്തുന്നുണ്ട്.
കല്യാണ്‍ കര്‍ണാടക നഴ്സിംഗ് മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്ത്യന്‍ സഭാ സമൂഹത്തില്‍ സജീവമായ ഡോ. കിരണ്‍ ബംഗളൂരുവിലെ കാത്തലിക് കൗണ്‍സില്‍ ഓഫ് കര്‍ണാടക (സിസികെ) അംഗം, ഇന്റര്‍ റിലീജിയസ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റി അംഗം,
ഗുല്‍ബര്‍ഗ രൂപതയുടെ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്, മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് കത്തീഡ്രല്‍ ഗുല്‍ബര്‍ഗയുടെ പാസ്റ്ററല്‍ പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ഗുല്‍ബര്‍ഗ രൂപതയുടെ ധനകാര്യ കമ്മിറ്റി അംഗം അടക്കം വിശിഷ്ട പദവികളും വഹിച്ചുവരുന്നു.