ലണ്ടൻ മലയാള സാഹിത്യവേദി നിർമിച്ച ഷോർട് ഫിലിം ബ്ലാക്ക് ഹാൻഡിന് നിരവധി അവാർഡുകൾ
Wednesday, May 14, 2025 11:52 AM IST
ലണ്ടൻ: അസോസിയേഷൻ ഓഫ് ഷോർട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് സംഘടിപ്പിച്ച മത്സരത്തിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ബാനറിൽ നിർമിച്ച "ബ്ലാക്ക് ഹാൻഡ്' നിരവധി അവാർഡുകൾ നേടി യുകെ മലയാളികൾക്ക് അഭിമാനമായി.
നിർമാതാവ് റെജി നന്തികാട്ട്, സംവിധായകൻ കനേഷ്യസ് അത്തിപ്പൊഴി എന്നിവർ സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായപ്പോൾ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത രാകേഷ് ശങ്കരൻ മികച്ച സഹനടനുള്ള അവാർഡ് നേടി.
അവാർഡുകൾ ജൂൺ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്യും. യുകെയിലെ കലാ സാംസ്കാരിക രംഗത്ത് നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയ കനേഷ്യസ് അത്തിപ്പൊഴി സംവിധാനം ചെയ്ത "ബ്ലാക്ക് ഹാൻഡ്' യുകെയിലെ മലയാളി സമൂഹം നേരിടുന്ന ഗൗരവകരമായ ഒരു വിഷയം നന്നായി അവതരിപ്പിച്ചിക്കുന്നു.


യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് മുൻപും കനേഷ്യസ് അത്തിപ്പൊഴി സംവിധാനം ചെയ്ത ഷോർട് ഫിലിമുകൾ അനേകം അവാർഡുകൾ നേടിയിട്ടുണ്ട്.
ഈ അംഗീകാരം വളരെ സന്തോഷവും വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിനുള്ള ഊർജവും നൽകുന്നുവെന്ന് ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ടും പ്രോഗ്രാം കോഓർഡിനേറ്റർ ജിബി ഗോപാലനും അഭിപ്രായപ്പെട്ടു.